വീടിനകത്തും പുറത്തും പൂക്കളാൽ മനോഹാരിത തീർക്കാൻ കഴിവുള്ളവരാണ് നമ്മുടെ ആന്തൂറിയം ചെടികൾ. ഇവയുടെ പൂക്കളിൽ ഉണ്ടാകുന്ന നിറവിന്യാസം ഇഷ്ട്ടപെടുന്ന കുറച്ചു ആളുകൾ മാത്രമാണ് കൂടുതലായും ഈ ചെടി വളർത്തുന്നത്. എന്നാൽ എൻ്റെ അഭിപ്രായത്തിൽ ആർക്കും എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ഒരു പൂച്ചെടിയാണ് ആന്തൂറിയം ചെടികൾ. തണലിൽ വളരാൻ ഇഷ്ട്ടപെടുന്നവ ആയതിനാൽ തന്നെ ഇൻഡോറുകളിൽ വളർത്താൻ സാധിക്കുന്ന മികച്ച ഒരു പൂച്ചെടിയായാണ് ആന്തൂറിയം കണക്കാക്കുന്നത്.
മഴക്കാലത്ത് നമ്മുടെ ആന്തൂറിയം ചെടികൾക്ക് പ്രത്യേക പരിചരണം ആവശ്യമാണ്.
ഈർപ്പം കൂടുതലായതുകൊണ്ട് തന്നെ വേരുചീയൽ പോലുള്ള പ്രശ്നങ്ങൾ വരാൻ സാധ്യത
വളരെ കൂടുതലാണ്. ആന്തൂറിയം ചെടികളെ മഴക്കാലത്ത് സുരക്ഷിതമായി സംരക്ഷിക്കാൻ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇനി പറയുന്നവയാണ്:
│1. അമിത നന ഒഴിവാക്കുക
മഴക്കാലത്ത് അന്തരീക്ഷത്തിൽ തന്നെ വലിയ അളവിൽ ഈർപ്പമുള്ളതിനാൽ ചെടിക്ക് അധികം വെള്ളം നൽകേണ്ടതില്ല. ചെടി ചുവട്ടിലെ മണ്ണ് നന്നായി ഉണങ്ങിയോ എന്ന് നോക്കിയ ശേഷം മാത്രം നനയ്ക്കുന്ന രീതിയാണ് നല്ലത്. ചെടി ചുവട്ടിലെ മണ്ണിൽ ഈർപ്പം നിൽക്കുന്നുണ്ടെങ്കിൽ ആ സമയം ചെടി നനയ്ക്കുന്നത് ഒഴിവാക്കുക.
│2. നല്ല ഡ്രെയിനേജ് സംവിധാനം ഉറപ്പാക്കുക
ആന്തൂറിയം ചെടികൾ വളർത്തുന്ന ചട്ടികളിൽ ഒരു കാരണവശാലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. അമിതമായി മഴ ലഭിക്കുന്ന സ്ഥലത്താണ് ചെടികൾ വെച്ചിരിക്കുന്നതെങ്കിൽ, വെള്ളം പെട്ടെന്ന് വാർന്നുപോകുന്ന രീതിയിൽ ചട്ടിയുടെ അടിഭാഗത്ത് കൂടുതൽ സുഷിരങ്ങൾ നൽകുകയോ, ചട്ടി അല്പം ഉയർത്തി വെക്കുകയോ ചെയ്ത് ചെടികളെ അമിതമായ വെള്ളത്തിൽ നിന്നും സംരക്ഷിക്കണം.
│3. നേരിട്ടുള്ള മഴ ഒഴിവാക്കുക
ആന്തൂറിയം ചെടികൾക്ക് ജൂൺ ജൂലൈ സമയങ്ങളിലെ മഴ നേരിട്ട് ലഭിക്കുന്നത് ദോഷകരമാണ്. അമിതമായ മഴ ചെടിയുടെ ഇലകൾക്കും പൂക്കൾക്കും കേടുപാടുകൾ വരുത്തുകയും ചെടി കുമിൾ ബാധയ്ക്ക് കാരണമാവുകയും ചെയ്യും. അതിനാൽ, വീടിന്റെ വരാന്തയിലോ, മഴ മറകളിലോ മഴ നനയാത്ത എന്നാൽ നല്ല വായുസഞ്ചാരമുള്ള സ്ഥലങ്ങളിലേക്ക് ചെടികൾ മാറ്റി വെയ്ക്കാവുന്നതാണ്.
│4. കുമിൾനാശിനി പ്രയോഗം
മഴക്കാലത്ത് ആന്തൂറിയത്തെ ബാധിക്കുന്ന പ്രധാന വില്ലനാണ് കുമിൾ അഥവാ ഫംഗസ്. ചെടിയുടെ തണ്ടിലോ വേരിലോ കുമിൾ ബാധ കാണുകയാണെങ്കിൽ ഉടൻ തന്നെ ഫംഗിസൈഡ് (ഉദാഹരണത്തിന്: സ്യൂഡോമോണസ് / സാഫ് ) ഉപയോഗിച്ച് ചെടി മുഴുവനായി നനയ്ക്കുകയോ അല്ലെങ്കിൽ ഇലകളിൽ തളിക്കുകയോ ചെയ്യേണ്ടത് അത്യവശ്യമാണ്. എങ്ങനെ ഫങ്കിസൈഡ് നൽകുന്നത് വഴി ആന്തൂറിയം ചെടികളെ നമുക്ക് കൂടുതൽ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സാധിക്കും.
സ്യൂഡോമോണസ് ഓൺലൈനായി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അഡീനിയം ചെടികളിലും ഉപയോഗിക്കാവുന്ന സാഫ് വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
│5. വായുസഞ്ചാരം ഉറപ്പാക്കുക
ചെടികൾ ഒന്നിനോടൊന്ന് ചേർത്ത് വളരെ അടുപ്പിച്ചു വെയ്ക്കരുത്. ചെടികൾ അടുപ്പിച്ച് വെയ്ക്കുന്നത് വഴി വായുസഞ്ചാരമില്ലാത്ത ഇടങ്ങളിൽ ഈർപ്പം കൂടുതൽ സമയം തങ്ങിനിൽക്കുകയും അത് കുമിൾ വളർച്ചയ്ക്ക് കാരണമാകുകയും ചെയ്യും. ചെടികൾ തമ്മിൽ അകലം പാലിച്ച് വെയ്ക്കുന്നത് മഴക്കാലത്ത് ചെടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.
│6. മഴക്കാലത്തെ വളപ്രയോഗം
മഴക്കാലം ആന്തൂറിയം ചെടിയുടെ വളർച്ചയുടെ ഘട്ടത്തിലല്ലാത്ത സമയം കൂടിയായതുകൊണ്ട് ഈ സമയങ്ങളിൽ ചെടികൾക്ക് ജൈവ രാസ വളപ്രയോഗം ഒഴിവാക്കാവുന്നതാണ്.
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും മഴക്കാലത്ത് നമ്മുടെ ആന്തൂറിയം ചെടികളെ സംരക്ഷിക്കാൻ സാധിക്കും.

Post a Comment