കേരളത്തിൽ നമ്മളിൽ അധികം ആളുകളും പൽ ഉല്പാദനത്തിനായി ആശ്രയിക്കുന്നത് കൂടുതലായും പശുവിനെയാണ് എന്നാൽ ഇന്ത്യയിലെ ക്ഷീരമേഖലയുടെ നട്ടെല്ലാണ് എരുമകൾ. ഉയർന്ന ഗുണനിലവാരമുള്ള പാലിനും മാംസത്തിനും പേരു കേട്ട നിരവധി എരുമ ഇനങ്ങൾ നമ്മുടെ ഈ രാജ്യത്തുണ്ട്. ഇവയിൽ ഏറ്റവും മികച്ചതും കൂടുതൽ പാലുത്പാദനം നൽകുന്നതുമായ പ്രധാന എരുമ ഇനങ്ങളെക്കുറിച്ചു നമുക്ക് നോക്കിയാലോ.
│1. മുറ (Murrah)
ലോകമെമ്പാടുമുള്ള എരുമ ഇനങ്ങളിൽ വെച്ച് ഏറ്റവും മികച്ച പാലുത്പാദന ശേഷിയുള്ള ഒരിനമാണ് മുറ. അതിനാൽ തന്നെ നമ്മുടെ ഇന്ത്യയിൽ എരുമകളിൽ ഏറ്റവും മികച്ചതും ജനപ്രിയവുമായ ഇനമാണ് മുറ. എരുമപോലെ തന്നെ പോത്ത് വളർത്തലിലും കർഷകർക്ക് മികച്ച ലാഭം നൽകുന്ന ഒരിനം കുടെയാണിത്.
ഉത്ഭവം: ഹരിയാനയിലെ റോഹ്‌തക്, ഹിസാർ, ജിന്ദ് ജില്ലകളും പഞ്ചാബിലെ നഭ, പട്യാല തുടങ്ങിയ പ്രദേശങ്ങളുമാണ് ഇതിന്റെ പ്രധാന കേന്ദ്രം.
പ്രത്യേകതകൾ: നല്ല കരുത്തുള്ള വലിയ ശരീരവും, കറുത്ത നിറവും, തലയുടെ ഇരുവശത്തുമായി ചുരുണ്ട ചെറിയ കൊമ്പുകളുമാണ് ഇതിന്റെ പ്രത്യേകത. മറ്റ് ഇനങ്ങളെ അപേക്ഷിച്ച് മുറ എരുമകൾ വളരെ വേഗത്തിൽ വളരുന്നവയാണ്. ശരിയായ തീറ്റ ലഭിച്ചാൽ ഇവ പെട്ടെന്ന് ഭാരം വെയ്ക്കുന്ന ഇനമാണിത്.
പാൽ ഉത്പാദനം: ഒരു കറവക്കാലത്ത് ശരാശരി 1,500 മുതൽ 2,500 കിലോ വരെ പാൽ ഇവ നൽകുന്നു. ഇവയുടെ പാലിലെ കൊഴുപ്പിന്റെ അളവ് ഏകദേശം 7% ആണ്.
│2. ജാഫറാബാദി (Jaffrabadi)
ഗുജറാത്തിലെ ഗിർ വനമേഖലയിൽ കണ്ടുവരുന്ന ഈ ഇനം ഇന്ത്യയിലെ ഏറ്റവും ഭാരമേറിയ എരുമ ഇനങ്ങളിൽ ഒന്നാണ്.
ഉത്ഭവം: ഗുജറാത്തിലെ ഗിർ വനങ്ങൾ, കച്ച്, ജാംനഗർ ജില്ലകളാണ് ഇവയുടെ പ്രധാന താവളം.
പ്രത്യേകതകൾ: വളരെ വലുതും കട്ടിയുള്ളതുമായ തലയും നെറ്റിയും ഇവയ്ക്കുണ്ട്. കൊമ്പുകൾ ഭാരമേറിയതും കഴുത്തിന് വശങ്ങളിലൂടെ താഴേക്ക് തൂങ്ങി പിന്നീട് അഗ്രഭാഗം മുകളിലേക്ക് വളയുന്നതുമാണ്.
പാൽ ഉത്പാദനം: ഒരു കറവക്കാലത്ത് ശരാശരി 1,000 മുതൽ 2,700 കിലോ വരെ പാൽ ലഭിക്കുന്നു അതായത് ഇവ പ്രതിദിനം 12 മുതൽ 15 ലിറ്റർ വരെ പാൽ നൽകാൻ ശേഷിയുള്ളവയാണ്.കൂടാതെ ഇവയുടെ പാലിൽ ഉയർന്ന അളവിൽ കൊഴുപ്പുണ്ട്.
│3. മെഹ്സാന (Mehsana)
മുറയും സുർത്തിയും ചേർന്ന ഒരു സങ്കരയിനമാണിത്. ഗുജറാത്തിലെ മെഹ്സാനയിലാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്.
ഉത്ഭവം: ഗുജറാത്തിലെ മെഹ്സാന, സബർകാന്ത, ബനസ്കാന്ത തുടങ്ങിയ ജില്ലകൾ.
പ്രത്യേകതകൾ: ശരീരം മുറയേക്കാൾ നീളമുള്ളതാണ്. കണ്ണുകൾ വളരെ വ്യക്തവും തിളക്കമുള്ളതുമാണ്. ഇവ നല്ല കാലാവസ്ഥാ അതിജീവനശേഷിയുള്ളവയാണ്.
പാൽ ഉത്പാദനം: ശരാശരി 1,200 മുതൽ 1,500 കിലോ വരെ പാൽ ഒരു കറവക്കാലത്ത് നൽകുന്ന മികച്ചയിനമാണിത്. പാലിലെ കൊഴുപ്പിന്റെ അളവ് ഏകദേശം 6.8% മുതൽ 9.5% വരെയാണ്.
│4. സുർത്തി (Surti)
മറ്റ് എരുമ ഇനങ്ങളെ അപേക്ഷിച്ചു വലിപ്പം താരതമ്യേന കുറവാണെങ്കിലും പ്രവർത്തനക്ഷമതയിൽ ഇവ മുന്നിലാണ്.
ഉത്ഭവം: ഗുജറാത്തിലെ ഖേഡ (കൈരാ), ബറോഡ (വഡോദര), സൂറത്ത് തുടങ്ങിയ ജില്ലകൾ.
പ്രത്യേകതകൾ: ഇവയുടെ കഴുത്തിന് താഴെയും താടിയെല്ലിന് ചുറ്റുമായി രണ്ട് വെള്ള നിറത്തിലുള്ള വളയങ്ങൾ (Collar-like bands) കാണപ്പെടുന്നത് പ്രധാന തിരിച്ചറിയൽ അടയാളമാണ്. കൊമ്പുകൾ അരിവാൾ ആകൃതിയിലുള്ളതാണ്.
പാൽ ഉത്പാദനം: ഒരു കറവക്കാലത്ത് 900 മുതൽ 1,300 കിലോ വരെ പാൽ നൽകുന്നു അതായത് പ്രതിദിനം 8 മുതൽ 12 ലിറ്റർ വരെ പാൽ നൽകുന്നവയാണ് ഇവ. ഇവയുടെ പാലിൽ വളരെ ഉയർന്ന അളവിൽ കൊഴുപ്പുണ്ട് (ഏകദേശം 8-12%).
│എരുമകളെ മികച്ച രീതിയിൽ വളർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എരുമകളുടെ മികച്ച വളർച്ചയ്ക്കും പാലുത്പാദനത്തിനും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്:
കൃത്യമായ തീറ്റ: എരുമകൾക്ക് പോഷകസമൃദ്ധമായ തീറ്റ കൃത്യസമയത്ത് നൽകുന്നത് വളർച്ചാ നിരക്ക് വർദ്ധിപ്പിക്കാൻ സഹായിക്കും.
അന്തരീക്ഷം: എരുമകൾക്ക് തണുത്ത അന്തരീക്ഷമാണ് കൂടുതൽ ഇഷ്ടം. ചൂടുകാലത്ത് അവയ്ക്ക് കുളിക്കാനോ വെള്ളം നനയ്ക്കാനോ ഉള്ള സൗകര്യങ്ങൾ ഒരുക്കുന്നത് ആരോഗ്യവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കും.
പ്രത്യുത്പാദനം: ശാസ്ത്രീയമായ രീതിയിൽ പരിചരിച്ചാൽ ഇവയുടെ കറവക്കാലം ശരിയായി നിലനിർത്താനും ഉത്പാദനം വർദ്ധിപ്പിക്കാനും സാധിക്കും.
ഈ എരുമ ഇനങ്ങളെക്കുറിച്ച് ശരിയായ അറിവും ശാസ്ത്രീയമായ പരിപാലനരീതികളും സ്വീകരിച്ചാൽ ക്ഷീരമേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.

Post a Comment