വീട്ടിൽ ഒരു മനോഹരമായ ചെറിയ പൂന്തോട്ടം ഒരുക്കണമെന്ന ആഗ്രഹം ഇന്ന് നമ്മളിൽ പലർക്കുമുണ്ട്. ബാൽക്കണിയിലോ ടെറസിലോ മുറ്റത്തോ വീടിനകത്തളങ്ങളിലോ ഒരു ചെടിയെങ്കിലും വളർത്തുന്നത് വീടിന്റെ ഭംഗി വർധിപ്പിക്കുക മാത്രമല്ല, നമ്മുടെ കണ്ണിനും മനസ്സിനും പ്രകൃതിയോട് കൂടുതൽ അടുപ്പം നൽകുകയും ചെയ്യുന്നു. എന്നാൽ മികച്ച വളർച്ചയ്ക്ക് നല്ല ചെടി തിരഞ്ഞെടുക്കുന്നതുപോലെ തന്നെ ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ് ചെടിച്ചട്ടി തിരഞ്ഞെടുക്കലും.
ചെടികൾ ചട്ടികളിൽ വളർത്തുമ്പോൾ തെറ്റായ ചട്ടി ഉപയോഗിച്ചാൽ വളർച്ച മുരടിക്കുക, വേരുകൾ ചീഞ്ഞുപോകുക, വെള്ളക്കെട്ട് ഉണ്ടാകുക തുടങ്ങിയ പ്രശ്നങ്ങൾ ചെടികൾക്ക് ഉണ്ടാകാം. അതിനാൽ ചെടിച്ചട്ടി വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് വിശദമായി നോക്കാം.
1. ചെടിയുടെ വലുപ്പത്തിന് അനുയോജ്യമായ ചട്ടി തിരഞ്ഞെടുക്കുക
ചെടിയുടെ ഇപ്പോഴത്തെ വലുപ്പം മാത്രമല്ല, ഭാവിയിൽ അത് എത്രത്തോളം വളരുമെന്നും കണക്കിലെടുത്താണ് ചട്ടി തിരഞ്ഞെടുക്കേണ്ടത്. ചെടിയെക്കാൾ വളരെ ചെറിയ ചട്ടിയിൽ നട്ടാൽ വേരുകൾക്ക് വളരാൻ ആവശ്യമായ സ്ഥലം ലഭിക്കില്ല. എന്നാൽ അനാവശ്യമായി വലിയ ചട്ടി ഉപയോഗിച്ചാൽ മണ്ണിൽ കൂടുതൽ ഈർപ്പം നിലനിൽക്കുകയും ചെടികളുടെ വേരുകൾ ചീഞ്ഞുപോകാനുള്ള സാധ്യത വർധിക്കുകയും ചെയ്യും.ചട്ടികൾ മാറ്റി സ്ഥാപിക്കാൻ സാധിക്കുമെങ്കിൽ ഏറ്റവും നല്ലത് ചെടിയുടെ ഇപ്പോളുള്ള വളർച്ചയെക്കാൾ അൽപം കൂടെ വലിപ്പമുള്ള ചെടി ചട്ടികൾ തിരഞ്ഞെടുക്കുകയാണ്.
ചെറിയ അലങ്കാരച്ചെടികൾക്ക് 6 മുതൽ 8 ഇഞ്ച് വലിപ്പമുള്ള ചട്ടികൾ മതിയാകും. റോസ്, ചെമ്പരത്തി, തക്കാളി, മുളക്, വഴുതന തുടങ്ങിയ ചെടികൾക്ക് 12 മുതൽ 18 ഇഞ്ച് വരെ വലുപ്പമുള്ള ചട്ടികൾ കൂടുതൽ അനുയോജ്യമാണ്.
2. ചട്ടിയുടെ നിർമ്മാണ വസ്തു ശ്രദ്ധിക്കുക
ഇന്ന് നമ്മുടെ വിപണിയിൽ വിവിധ തരത്തിലുള്ള ചെടിച്ചട്ടികൾ ലഭ്യമാണ്. ഓരോന്നിനും അതിന്റേതായ ഗുണങ്ങളും പരിമിതികളും ഉണ്ട്. നമ്മുടെ ആവശ്യത്തിനുള്ളവ തിരഞ്ഞെടുക്കുകയാണ് ഏറ്റവും നല്ലത്.മൺചട്ടി: വേരുകൾക്ക് മികച്ച വായുസഞ്ചാരം ലഭിക്കും. വേനൽക്കാലത്ത് മണ്ണിന്റെ ചൂട് കുറയ്ക്കാൻ സഹായിക്കും.
പ്ലാസ്റ്റിക് ചട്ടി: ഭാരം കുറവാണ്, വില കുറഞ്ഞതാണ്, വെള്ളം കൂടുതൽ സമയം നിലനിർത്തും. ഇടയ്ക്കിടെ നനയ്ക്കാൻ കഴിയാത്തവർക്ക് നല്ല തിരഞ്ഞെടുപ്പാണ്.
സിമന്റ് ചട്ടി: ശക്തവും ദീർഘകാലം ഉപയോഗിക്കാവുന്നതുമാണ്. വലിയ ചെടികൾക്ക് അനുയോജ്യമാണ്. ചുടുകാലത്തു ഇവയിൽ മണ്ണിന്റെ ചൂട് കുടുതലാകും
ഫൈബർ അല്ലെങ്കിൽ റെസിൻ ചട്ടി: ആകർഷകമായ രൂപകൽപ്പന, ഭാരം കുറവ്, ദീർഘായുസ്സ് എന്നിവയാണ് പ്രധാന പ്രത്യേകതകൾ.
3. ഡ്രെയിനേജ് ഹോളുകൾ നിർബന്ധമായും പരിശോധിക്കുക
ഒരു നല്ല ചെടിച്ചട്ടിയുടെ ഏറ്റവും പ്രധാന സവിശേഷത എന്ന് പറയുന്നത് അവയുടെ അടിഭാഗത്തുള്ള ഡ്രെയിനേജ് ഹോളുകളാണ്. ചട്ടിയിൽ ഉണ്ടാകുന്ന അധിക വെള്ളം പുറത്തേക്ക് പോകാൻ സൗകര്യമില്ലെങ്കിൽ അതിൽ വളരുന്ന ചെടികളുടെ വേരുകൾക്ക് ഓക്സിജൻ ലഭിക്കാതെ ചീഞ്ഞുപോകുന്നതിന് കാരണമാകും.ഒരു ചെടിച്ചട്ടി വാങ്ങുമ്പോൾ ആവശ്യമായ ഡ്രെയിനേജ് ഹോളുകൾ ഉണ്ടോയെന്ന് ഉറപ്പാക്കുക. ഡ്രെയിനേജ് മെച്ചപ്പെടുത്താൻ ചട്ടിയുടെ അടിയിൽ ചെറിയ കല്ലുകളോ പൊട്ടിയ ടൈൽ, ഓട്, ഇഷ്ടിക കഷണങ്ങളോ അതുമല്ലെങ്കിൽ ക്ലേ ബോളുകളോ വയ്ക്കുന്നതും നല്ലതാണ്.
ക്ലേ ബോളുകൾ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
4. കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചട്ടി തിരഞ്ഞെടുക്കുക
കേരളത്തിൽ ചെടികൾ വളർത്താൻ ചട്ടികൾ തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ കാലാവസ്ഥയിലെ ഉയർന്ന ഈർപ്പവും ശക്തമായ മഴയും കനത്ത ചൂടും പരിഗണിക്കുന്നത് പോലെ തന്നെ ചെടികൾ വളർത്താൻ ഉദ്ദേശിക്കുന്ന സ്ഥലവും അനുസരിച്ചു വേണം ചെടിച്ചട്ടികൾ തിരഞ്ഞെടുക്കാൻ.മൺചട്ടികൾ ചൂട് കുറയ്ക്കാൻ സഹായിക്കുമ്പോൾ പ്ലാസ്റ്റിക് ചട്ടികൾ നേരിട്ട് വെയിലേറ്റാൽ കാലക്രമേണ ദുർബലമാകാം.അതുപോലെ തന്നെ സിമെന്റ് ചട്ടികളിൽ വേനൽക്കാലത്തു മണ്ണിന് ചൂട് കുടുതലായതിൽ അധികം വെള്ളം നൽകേണ്ടി വരും. ഇവയൊന്നും കൂടാതെ തന്നെ മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കാത്ത രീതിയിലുള്ള നല്ല ഡ്രെയിനേജ് സംവിധാനമുള്ള ചട്ടികൾ വേണം നിർബന്ധമായും തിരഞ്ഞെടുക്കാൻ.
5. ചെടി വയ്ക്കുന്ന സ്ഥലം മുൻകൂട്ടി തീരുമാനിക്കുക
ചട്ടി വാങ്ങുന്നതിന് മുമ്പ് അത് എവിടെയാണ് വയ്ക്കുന്നതെന്ന് തീരുമാനിക്കുക.
- വീടിനുള്ളിൽ – ഭംഗിയുള്ള സെറാമിക് അല്ലെങ്കിൽ ഫൈബർ ചട്ടികൾ.
- ബാൽക്കണി – ഭാരം കുറഞ്ഞ പ്ലാസ്റ്റിക് അല്ലെങ്കിൽ തൂക്കിച്ചട്ടികൾ.
- ടെറസ് – ശക്തമായ കാറ്റ് താങ്ങാൻ കഴിയുന്ന സിമന്റ് അല്ലെങ്കിൽ വലിയ മൺചട്ടികൾ.
- മുറ്റം – വലുപ്പമുള്ള ശക്തമായ സ്ഥിരം ചട്ടികൾ.
6. ചട്ടിയുടെ ഭാരം ശ്രദ്ധിക്കുക
ചട്ടിക്കുള്ളിലെ മണ്ണും ചെടിയും വെള്ളവും ചേർന്നാൽ ചട്ടിയുടെ മൊത്തം ഭാരം വർധിക്കും.ടെറസ് ഗാർഡനിംഗ് ചെയ്യുന്നവർ അമിതഭാരം ഒഴിവാക്കേണ്ടതിനാൽ മൊത്തം ഭാരം കുറവുള്ള ചട്ടികളോ അല്ലെങ്കിൽ ഭാരക്കുറവ് ലഭിക്കുന്ന പോർട്ടിങ് മിക്സ്സുകളോ ഉപയോഗിക്കാം. ഒരിക്കൽ വെച്ച സ്ഥലത്തുനിന്നും ഇടയ്ക്കിടെ ചെടികൾ മാറ്റി വെക്കേണ്ടവർക്കും ഭാരം കുറഞ്ഞ ചട്ടികളാണ് ഉത്തമം.
7. ഗുണനിലവാരം പരിശോധിക്കുക
വില മാത്രം നോക്കി വാങ്ങുന്നത് തീർത്തും ഒഴിവാക്കുക.
- പ്ലാസ്റ്റിക് ചട്ടികളിൽ വിള്ളലുകളുണ്ടോ?
- മൺചട്ടിയിൽ പൊട്ടലുകളുണ്ടോ?
- സിമന്റ് ചട്ടിയുടെ അരികുകൾ ഉറപ്പുള്ളതാണോ?
- നിറം എളുപ്പത്തിൽ ഇളകിപ്പോകുമോ?
ഇവയെല്ലാം പരിശോധിക്കുന്നത് പിന്നീട് ഉണ്ടാകുന്ന സാമ്പത്തിക മാനസിക നഷ്ടം ഒഴിവാക്കും.
8. രൂപഭംഗിയും അലങ്കാര മൂല്യവും
പണ്ട് നമ്മുടെ മുറ്റത്തിരുന്ന ചെടിച്ചട്ടികൾ പിന്നീട് വീടിന്റെ മുകളിലും ഇന്ന് ഇപ്പോൾ അവ വീടിന്റെ ഒരു പ്രധാന ഇന്റീരിയർ ഡിസൈനിന്റെ ഭാഗമായിക്കഴിഞ്ഞു.ഇന്റീരിയർ ഡിസൈനിന്റെ ഭാഗമായി ചട്ടികൾ തിരഞ്ഞെടുക്കുമ്പോൾ വീടിന്റെ നിറത്തിനും അലങ്കാരത്തിനും പ്രാധാന്യം കൊടുക്കുന്നത് പോലെ തന്നെ ഭംഗിക്ക് വേണ്ടി ഡ്രെയിനേജും ഗുണനിലവാരവും ഒരിക്കലും അവഗണിക്കരുത്.
9. ബജറ്റ് അനുസരിച്ച് വാങ്ങുക
ഒരേ ഗുണനിലവാരമുള്ള ചട്ടികൾക്ക് വിവിധ കടകളിൽ വ്യത്യസ്ത വിലയായിരിക്കും.ഒന്നിലധികം ചട്ടികൾ വാങ്ങുകയാണെങ്കിൽ മൊത്തവില താരതമ്യം ചെയ്യുക. പ്രാദേശിക നഴ്സറികളിലും ഓൺലൈൻ സ്റ്റോറുകളിലും വില പരിശോധിക്കുന്നത് കൂടുതൽ ലാഭകരമായിരിക്കും.
10. പരിപാലനം എളുപ്പമുള്ളതാണോ?
പ്ലാസ്റ്റിക്, ഫൈബർ ചട്ടികൾ മറ്റുള്ളവയെക്കാൾ വൃത്തിയാക്കാൻ എളുപ്പമാണ്.സിമെന്റ് അതുപോലെ മൺചട്ടികളിൽ പായൽ വളരാൻ സാധ്യത കൂടുതലാണ്. അതിനാൽ ഇടയ്ക്കിടെ വൃത്തിയാക്കി നിറം നൽകേണ്ടി വരും.
11. ചെടിയുടെ സ്വഭാവം മനസ്സിലാക്കുക
എല്ലാ ചെടികൾക്കും ഒരേ തരം ചട്ടി അനുയോജ്യമല്ല.
- കള്ളിമുൾച്ചെടികൾ – മൺചട്ടി മികച്ചത്.
- മണിപ്ലാന്റ് – പ്ലാസ്റ്റിക് അല്ലെങ്കിൽ സെറാമിക്.
- പച്ചക്കറികൾ – ആഴമുള്ള ഏത് തരം ചട്ടികളും.
- പൂച്ചെടികൾ – ഇടത്തരം വലുപ്പമുള്ള ചട്ടി.
ചെടിയുടെ സ്വഭാവം മനസ്സിലാക്കി തിരഞ്ഞെടുക്കുന്നതാണ് പൂന്തോട്ട ശില്പി എന്ന നിലയിൽ നമ്മുടെ വിജയത്തിന്റെ രഹസ്യം.
12. ട്രേ ഉപയോഗിക്കുന്നത് മറക്കരുത്
വീടിനുള്ളിൽ ചെടികൾ വയ്ക്കുമ്പോൾ ചട്ടിക്ക് താഴെ ട്രേയോ അല്ലങ്കിൽ ഔട്ടർ പോട്ടെ ഉപയോഗിക്കുന്നത് നിലത്ത് വെള്ളം വീഴുന്നത് തടയും.എന്നാൽ ഇവയിൽ കൂടുതൽ ദിവസങ്ങളോളം വെള്ളം കെട്ടിനിൽക്കരുത്. അത് കൊതുകുകളുടെ പ്രജനനത്തിനും വേരുകൾ ചീഞ്ഞുപോകുന്നതിനും കാരണമാകും.
13. പരിസ്ഥിതി സൗഹൃദ ചട്ടികൾ തിരഞ്ഞെടുക്കുക
ഇന്ന് പലരും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയിലേക്ക് മാറുകയാണ്.
മൺചട്ടികൾ, തേങ്ങച്ചിരട്ട ഉപയോഗിച്ചുള്ള പ്ലാന്ററുകൾ, പുനരുപയോഗ വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ചട്ടികൾ എന്നിവ മികച്ച തിരഞ്ഞെടുപ്പുകളാണ്.
പഴയ ബക്കറ്റുകളും മരപ്പെട്ടികളും ടയറുകളും മനോഹരമായ പ്ലാന്ററുകളാക്കി മാറ്റാനും കഴിയും.
പഴയ ടയർ ഉപയോഗിച്ച് ചെടി ചട്ടി ഉണ്ടാക്കുന്നതിനെക്കുറിച്ചു അറിയാൻ ഈ വിഡിയോ കാണുക.
14. ദീർഘകാല ഉപയോഗം പരിഗണിക്കുക
വില കുറഞ്ഞ ചട്ടികൾ നമ്മുടെ പോക്കറ്റിനു അനുയോജ്യമാണ് എങ്കിലും വർഷംതോറും മാറ്റേണ്ടിവരുന്നതിനേക്കാൾ ഗുണമേന്മയുള്ള ചട്ടി ഒരുതവണ വാങ്ങുന്നതാണ് കൂടുതൽ ലാഭകരം.നല്ല ഗുണനിലവാരമുള്ള ചട്ടി വർഷങ്ങളോളം ഉപയോഗിക്കാനും ആവശ്യമെങ്കിൽ പുതിയ ചെടികൾക്ക് വീണ്ടും ഉപയോഗിക്കാനും കഴിയും.
15. വിശ്വസനീയമായ സെല്ലറിൽ നിന്ന് വാങ്ങുക
നല്ല നഴ്സറികളിൽ അല്ലങ്കിൽ സെല്ലറുടെ അടുക്കൽ നിന്നും ഗുണമേന്മയുള്ള ചട്ടികളും ശരിയായ ഉപദേശവും നമുക്ക് ലഭിക്കും.ചെടിയുടെ ഇനത്തിന് ഏത് വലുപ്പമാണ് അനുയോജ്യം, അതിൽ ഏത് മണ്ണാണ് ഉപയോഗിക്കേണ്ടത്, എത്ര തവണ നനയ്ക്കണം തുടങ്ങിയ എല്ലാ കാര്യങ്ങളിലും അവർ മാർഗനിർദേശം നൽകും.
ആളുകൾ സാധാരണ ചെയ്യുന്ന തെറ്റുകൾ
- ഡ്രെയിനേജ് ഹോളില്ലാത്ത ചട്ടി വാങ്ങുന്നത്.
- വളരെ ചെറിയ ചട്ടിയിൽ വലിയ ചെടി നട്ടുപിടിപ്പിക്കുന്നത്.
- ഭംഗി മാത്രം നോക്കി ഗുണനിലവാരം അവഗണിക്കുന്നത്.
- ടെറസിൽ അമിതഭാരമുള്ള ചട്ടികൾ ഉപയോഗിക്കുന്നത്.
- ട്രേയിൽ വെള്ളം ദീർഘനേരം കെട്ടിനിൽക്കാൻ അനുവദിക്കുന്നത്.
- എല്ലാ ചെടികൾക്കും ഒരേ തരത്തിലുള്ള ചട്ടി ഉപയോഗിക്കുന്നത്.
ഈ തെറ്റുകൾ ഒഴിവാക്കിയാൽ ചെടികൾ കൂടുതൽ ആരോഗ്യത്തോടെ വളരും.
ചെടിച്ചട്ടിയെന്നത് ഒരു സാധാരണ പാത്രമല്ല; ഒരു ചെടിയുടെ ആരോഗ്യകരമായ വളർച്ചയുടെ അടിത്തറ കൂടിയാണ്. ശരിയായ വലുപ്പം, മികച്ച ഡ്രെയിനേജ്, ഗുണമേന്മയുള്ള നിർമ്മാണം, കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്തു, ചെടിയുടെ സ്വഭാവം, ഉപയോഗസ്ഥലം എന്നിവയെല്ലാം പരിഗണിച്ചാണ് നാം ഒരു ചെടിച്ചട്ടി തിരഞ്ഞെടുക്കേണ്ടത്.ഒരു നല്ല ചട്ടി തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ചെടികൾക്ക് കൂടുതൽ ആയുസ്സും മികച്ച വളർച്ചയും നൽകുന്നതിനോടൊപ്പം തന്നെ നമ്മുടെ വീടിനും പൂന്തോട്ടത്തിനും കൂടുതൽ ഭംഗിയും നൽകും. അതിനാൽ അടുത്ത തവണ ചെടിച്ചട്ടി വാങ്ങാൻ പോകുമ്പോൾ വിലയും നിറവും മാത്രം നോക്കാതെ ഈ 15 കാര്യങ്ങൾ കൂടി മനസ്സിൽ സൂക്ഷിക്കുക. ചെറിയൊരു ശ്രദ്ധ, നിങ്ങളുടെ ഗാർഡനിംഗിനെ കൂടുതൽ മനോഹരവും വിജയകരവുമാക്കും.

Post a Comment