എത്ര വെയിലുള്ള സ്ഥലത്തും വീട്ടുമുറ്റത്തേ ടെറസിലോ അതുമല്ലെങ്കിൽ നമ്മുടെ ബാൽക്കണിയിലോ ഒരുപോലെ വളർത്താൻ കഴിയുന്ന, മനോഹരമായ ഇലകളുള്ള ഒരു അലങ്കാരച്ചെടിയാണ് യൂജീനിയ (Eugenia). ഈ ചെടികൾക്ക് പ്രത്യേകിച്ച് ചെറിയ ഇലകളും ഇടതൂർന്ന ശാഖകളും ഉള്ളതിനാൽ ഹെഡ്ജ്, ബോർഡർ, ടോപ്പിയറി, ബോൺസായി എന്നിവയ്ക്കായി ഇന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്നു. നന്നായി ചെടികൾ വെട്ടിയൊതുക്കിയാൽ പന്ത്, കോൺ, സിലിണ്ടർ തുടങ്ങിയ നമ്മുടെ മനോധർമ്മത്തിനു അനുസരിച്ചുള്ള ഏത് തരം ആകൃതികളിലും ഈ ചെടി വളർത്താം എന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രതേകതയായി നമ്മൾ കണക്കാക്കുന്നത്.
നഴ്സറികളിൽ “Eugenia” എന്ന പേരിൽ വിൽക്കുന്ന ചെടികൾക്ക് ശാസ്ത്രീയ നാമത്തിൽ ചെറിയ ആശയക്കുഴപ്പമുണ്ടാകാം എന്നിരുന്നാലും ഇവയെല്ലാം ഒന്നുതന്നെയാണ്. ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു നിത്യഹരിത കുറ്റിച്ചെടിയാണ് യൂജീനിയ.
കേരളത്തിലെ ചൂടും ഈർപ്പവും കൂടുതലുള്ള കാലാവസ്ഥയിൽ ശരിയായ പരിചരണം നൽകിയാൽ നന്നായി വളരുന്ന ചെടി തന്നെയാണ് യൂജീനിയ.
യൂജീനിയയുടെ പ്രത്യേകതകൾ എന്തെല്ലാം?
യൂജീനിയ ചെടികളുടെ പ്രധാന ആകർഷണം അതിന്റെ ഇടതൂർന്ന ഇലകളും പുതിയ തളിരിലകളുടെ നിറവുമാണ്. പുതിയ ഇലകൾ ചിലപ്പോൾ കടും ചുവപ്പ്, ചുവപ്പ്, വെങ്കലം, ഇളം പച്ച തുടങ്ങിയ നിറങ്ങളിൽ ഏതിലേലും ആരംഭിച്ചശേഷം ക്രമേണ ഇലകളുടെ വളർച്ച പൂർത്തിയാകുന്നതോടെ കടുംപച്ചയായി മാറുകയാണ് പതിവ്. ഈ ചെടികളിൽ ചെടിക്ക് ചെറിയ വെളുത്ത പൂക്കളും ചില ഇനങ്ങളിൽ പഴങ്ങളും ഉണ്ടാകാറുണ്ട്.
എത്ര തുടർച്ചയായി ഇവയുടെ തണ്ടുകൾ വെട്ടിയൊതുക്കിയാലും പുതിയ ശാഖകൾ എത്രയും പെട്ടന്ന് തന്നെ വളരുന്ന സ്വഭാവമാണ് യൂജീനിയയെ ടോപ്പിയറി ചെടിയായി ഇത്രയും ജനപ്രിയമാക്കുന്നത്.
യൂജീനിയയ്ക്ക് എത്ര സൂര്യപ്രകാശം വേണം?
യൂജീനിയ ചെടിയുടെ നല്ല വളർച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് നന്നായി ലഭിക്കുന്ന സൂര്യപ്രകാശം.ദിവസത്തിൽ കുറഞ്ഞത് ഏകദേശം 4 മുതൽ 6 മണിക്കൂർ വരെ നല്ല തെളിഞ്ഞ പ്രകാശം ലഭിക്കുന്ന സ്ഥലത്ത് ചെടികൾ വളർത്തുന്നതാണ് നല്ലതാണ്. നേരിയ രീതിയിൽ അഥവാ ഭാഗിക തണലിലും വളർത്താൻ കഴിയുമെങ്കിലും ചെടിയുടെ വളർച്ചയും ഇലകളുടെ സാന്ദ്രതയും കുറയാൻ സാധ്യതയുണ്ട്.:
ചട്ടിയിൽ വളർത്തുമ്പോൾ
രാവിലെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് തുടക്കക്കാർക്ക് സുരക്ഷിതമായ തിരഞ്ഞെടുപ്പ്. വളരെ ഇരുണ്ട സ്ഥലത്ത് വെച്ചാൽ:
- പുതിയ ഇലകളുടെ വളർച്ച കുറയും
- ശാഖകൾ നീണ്ടുപോകും
- ചെടിയുടെ ആകൃതി നഷ്ടപ്പെടും
- ഇലകളുടെ എണ്ണം കുറയും
- പുതിയ ഇലകളുടെ നിറം താരതമേന കുറവായിരിക്കും
ടോപ്പിയറി രൂപത്തിൽ വളർത്തുന്ന യൂജീനിയയ്ക്ക് നല്ല വെളിച്ചം + പതിവായ പ്രൂണിങ് എന്നിവയാണ് ചെടിയുടെ മനോഹരമായ രൂപത്തിന്റെ രഹസ്യം.
എത്ര വെള്ളം നൽകണം?
യൂജീനിയ ചെടികൾക്ക് പൊതുവേ വെള്ളം ഇഷ്ടമാണെങ്കിലും ചെടിച്ചുവട്ടിൽ ഉണ്ടാകുന്ന അധിക സമയം നീണ്ടു നിൽക്കുന്ന വെള്ളക്കെട്ട് ഇഷ്ടമല്ല. ദിവസവും ഒരു നിശ്ചിത അളവിൽ വെള്ളം നൽകുന്നതിനേക്കാൾ ചെടിച്ചുവട്ടിലെ മണ്ണിന്റെ ഈർപ്പം നോക്കി വെള്ളം നൽകുന്നതാണ് ഏറ്റവും നല്ലത്.
ചെടി ചട്ടികളിൽ ഇവ വളർത്തുമ്പോൾ ചട്ടിയുടെ മുകളിലെ മണ്ണ് ഏകദേശം 2 മുതൽ 3 സെന്റിമീറ്റർ ഉണങ്ങിയതായി തോന്നുമ്പോൾ മാത്രം നല്ല രീതിയിൽ വെള്ളം നൽകാവുന്നതാണ്.
വെള്ളം നൽകുമ്പോൾ ചട്ടിയുടെ അടിയിലെ ഡ്രൈനേജ് ഹോളുകൾ വഴി വെള്ളം നന്നായി പുറത്തേക്ക് ഒഴുകി വരുന്നതുവരെ നനയ്ക്കാവുന്നതാണ്. എന്നാൽ ഇങ്ങനെ വെള്ളം അധികമായി നൽകുന്നതിനാൽ തന്നെ ചെടികൾക്ക് നൽകുന്ന ആ വെള്ളം ചട്ടിയുടെ അടിയിൽ കെട്ടിക്കിടക്കാൻ ഒരു കാരണവശാലും അനുവദിക്കരുത്.
യൂജീനിയ ചെടികൾക്ക് നല്ല നീർവാർച്ചയുള്ള മണ്ണാണ് ആവശ്യം. അധിക സമയം വെള്ളം കെട്ടിനിൽക്കുന്ന വെള്ളക്കെട്ടുള്ള മണ്ണിൽ ചെടികളുടെ വേരുകൾക്ക് ഓക്സിജൻ ലഭിക്കാതെ വരുകയും അത് വഴി വേരുകൾ നശിക്കുന്നതിനും ചെടി ഉണങ്ങി പോകുന്നതിനും കാരണമാകും.
കേരളത്തിൽ മഴക്കാലത്ത് അധികമായി വെള്ളം ചെടികൾക്ക് ലഭിക്കുന്നതിനാൽ തന്നെ വീണ്ടും ചെടികൾക്ക് വെള്ളം നൽകേണ്ട ആവശ്യമില്ല. തുടർച്ചയായി മഴ ലഭിക്കുന്ന സമയത്ത് ചെടി നിൽക്കുന്ന സ്ഥലത്തും അതുപോലെ തന്നെ അവ വളർത്തുന്ന ചെടി ചട്ടികളിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് .
യൂജീനിയയ്ക്ക് അനുയോജ്യമായ മണ്ണ്
യൂജീനിയ ചെടികൾ ചട്ടികളിൽ വളർത്തുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്നാണ് നല്ല രീതിയിൽ നീർവാർച്ചയുള്ള നടീൽ മിശ്രിതം ഉപയോഗിക്കുക എന്നത്.ചെടികൾ നടുന്നതിനായി 1:1 എന്ന അനുപാതത്തിൽ മണ്ണും ജൈവ വളങ്ങളായ ചാണകപ്പൊടി / ആട്ടിൻവളം / കംബോസ്ട് എന്നിവയോ അല്ലെങ്കിൽ മണ്ണ് , ജൈവ വളം , ചകിരിച്ചോർ എന്നിവ 2:1:1 എന്ന അനുപാതത്തിലോ കുട്ടിയിളക്കിയ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.
മണ്ണ് തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് മണ്ണ് വെള്ളം പിടിച്ചുനിർത്തുന്നതിന് പകരം അധിക വെള്ളം പുറത്തേക്ക് ഒഴുക്കിവിടുകയും ആവശ്യമായ ഈർപ്പം നിലനിർത്തുകയും ചെയ്യണം എന്നതാണ്. അതിനാൽ തന്നെയാണ് മണ്ണും വളവും ഒരേ അളവിൽ എടുത്തിരിക്കുന്നത്.
ഏത് വലുപ്പത്തിലുള്ള ചട്ടിയാണ് വേണ്ടത്?
നമ്മുടെ കൈയിലെ ചെടിയുടെ വലുപ്പത്തിന് അനുസരിച്ച് ചട്ടി തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യെണ്ടത്.
ചെറിയ ചെടികൾ ആണെങ്കിൽ ആദ്യം 8 മുതൽ 10 ഇഞ്ച് ചട്ടികൾ മതിയാകും. ചെടി വളരുന്നതിനനുസരിച്ച് അവയെ വലിപ്പമുള്ള വലിയ ചട്ടികളിലേക്ക് മാറ്റുന്ന രീതിയാണ് ഏറ്റവും നല്ലത്.
ചെടികളെ വളരെ ചെറിയ ചട്ടികളിൽ വർഷങ്ങളോളം വളർത്തിയാൽ ചെടിയുടെ വേരുകൾക്ക് നന്നായി വളരുന്നതിനുള്ള സ്ഥലം കുറയും എന്നാൽ ചെടിയുടെ വലിപ്പത്തേക്കാൾ വലിയ ചട്ടികൾ ഉപയോഗിക്കുമ്പോൾ ചട്ടിയിലുള്ള അധിക മണ്ണിൽ ദീർഘനേരം വെള്ളം നനഞ്ഞുകിടക്കാനുള്ള സാധ്യത കൂടുകയും അതുവഴി ചെടിയുടെ വേരുകൾ നശിച്ചു ചെടി ഉണങ്ങുന്നതിനു കാരണമാകുകയും ചെയ്യും.
ഈ പ്രശ്‍നങ്ങൾ എല്ലാം ഒഴിവാക്കാൻ തന്നെ ചെടികളെ അവയുടെ വലിപ്പത്തിനു തൊട്ടടുത്ത വലിപ്പത്തിലുള്ള ചട്ടികൾ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.
യൂജീനിയയ്ക്ക് വളം എങ്ങനെ നൽകാം?
ചെടികളുടെ വേഗത്തിലുള്ള ഇലകളുടെയും തണ്ടുകളുടെയും വളർച്ചയ്ക്കു വളപ്രയോഗം ആവശ്യമാണ്. എന്നാൽ 1: 1 എന്ന അനുപാതത്തിൽ മണ്ണും അടിവളങ്ങളും നൽകിയാണ് ചെടികൾ നടുന്നതെങ്കിൽ പിന്നീട് ചെടികൾക്ക് അധിക വളം വാരിക്കോരി നൽകേണ്ടതില്ല.
ചെടിയുടെ നല്ല രീതിയിലുള്ള വളർച്ചയ്ക്ക് നമുക്ക് ജൈവ വളങ്ങളും രാസവളങ്ങളും ഉപയോഗിക്കാവുന്നതാണ്. ചെടികൾക്ക് വളങ്ങൾ നൽകുമ്പോൾ 4 മുതൽ 5 മാസത്തെ ഇടവേളകളിൽ വളങ്ങൾ നൽകുന്നതാണ് നല്ലത്. ജൈവ വളങ്ങളായി കംബോസ്ട്, ചാണകപ്പൊടി, ആട്ടിൻവളം, കടലപ്പിണ്ണാക്ക് കൂടാതെ ഇവയുടെ കൂടെ അൽപം വേപ്പിൻ പിണ്ണാക്കുടെ നൽകുന്നത് ചെടിയുടെ വേരുകളുടെ ആരോഗ്യത്തിന് കൂടുതൽ സംരക്ഷണം നൽകുന്നതിന് സഹായിക്കും.
ചെടിയുടെ തണ്ടിനോട് ചേർത്ത് വളം നൽകാതെ അൽപം മാറ്റി ചട്ടിയുടെ അരികിലൂടെ മണ്ണിൽ വളങ്ങൾ നൽകുന്നതാണ് ഏറ്റവും നല്ലത്. വളങ്ങൾ നൽകുമ്പോൾ മേൽമണ്ണ് അൽപം പൊട്ടിച്ചു വളങ്ങൾ നൽകിയ ശേഷം മണ്ണ് അടുപ്പിക്കുന്ന രീതിയാണ് ഏറ്റവും മികച്ചത്.
ചെടികളുടെ വളർച്ചയ്ക്കായി ബാലൻസ്ഡ് രാസവളങ്ങളും ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന് NPK 10-10-10 അല്ലെങ്കിൽ 18-18-18 തുടങ്ങി സമാനമായ NPK കൾ കുറഞ്ഞ അളവിൽ ഉപയോഗിക്കാവുന്നതാണ്.
ചെടികൾക്ക് ലഭിക്കുന്ന വളത്തിന്റെ അളവ് അധികമായാൽ വളർച്ച കൂടുന്നതിന് പകരം വേരുകൾക്ക് വളം മൂലമുണ്ടാകുന്ന കേടുപാടുകൾ സംഭവിച്ചു ചെടികൾ നശിച്ചു പോകാം.
യൂജീനിയ പ്രുണ് ചെയ്യുന്നത് എങ്ങനെ?
യൂജീനിയയുടെ ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്നാണ് നമുക്ക് അവയെ പതിവായി പ്രുണ് ചെയ്യാൻ സാധിക്കും എന്നത്. ചെറിയ ചെടികളെ കൂടുതൽ ശാഖകൾക്കു വേണ്ടിയും വലിയ ചെടികളെ ഇഷ്ടപ്പെട്ട ആകൃതി തീരുമാനിച്ച ശേഷം അതിന് പുറത്തേക്ക് വളരുന്ന ശാഖകൾ വെട്ടിമാറ്റി ഒതുക്കാവുന്നതാണ്.ചെടികൾക്ക് ടോപിയറി രൂപം വേണമെങ്കിൽ
പ്രൂണിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
യൂജീനിയയുടെ തൈകൾ ഉണ്ടാക്കുന്നത് എങ്ങനെ?
യൂജീനിയ ചെടികൾ പൊതുവേ നമുക്ക് വിത്ത്, തണ്ടുകൾ, എയർ ലയേറിങ് തുടങ്ങിയ രീതികളിലൂടെ നമുക്കാവശ്യമായ പുതിയ തൈകൾ വളർത്തിയെടുക്കാൻ കഴിയും.തണ്ടുകൾ വഴി തൈകൾ തയ്യാറാക്കുമ്പോൾ
ഏതൊരാൾക്കും എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു മാർഗങ്ങളിൽ ഒന്നാണ് തണ്ടുകൾ വഴി തൈകൾ തയ്യാറാക്കുക എന്നത്. നല്ല ആരോഗ്യമുള്ള ചെടിയിൽ നിന്ന് രോഗമില്ലാത്ത അധികം മുത്തതല്ലാത്ത തണ്ടുകൾ ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ്. തൈകൾ തയ്യാറാക്കാനായി ഏകദേശം 10 മുതൽ 15 സെന്റിമീറ്റർ നീളമുള്ള ചെറിയ തലപ്പുകൾ മതിയാകും. തിരഞ്ഞെടുത്ത തണ്ടിന്റെ ഏറ്റവും താഴത്തെ ഇലകൾ നീക്കം ചെയ്ത് ഏറ്റവും മുകൾഭാഗത്തു മാത്രം കുറച്ച് ഇലകൾ നിലനിർത്തി തണ്ടുകൾ നടാവുന്നതാണ്. മണലിൽ / ചകിരിച്ചോറിൽ നേരിട്ടോ അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒന്നിലോ നമുക്ക് തണ്ടുകൾ കിളിർക്കാനായി നടാവുന്നതാണ്. ഏത് മണ്ണ് ഉപയോഗിച്ചാലും നല്ല രീതിയിലുള്ള വെള്ളം കെട്ടി നിൽക്കാത്ത പോർട്ടിങ് മിശ്രിതം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
അൽപം ശ്രദ്ധ നൽകിയാൽ നമുക്ക് വെള്ളത്തിൽ വെച്ചും ഇവയുടെ തണ്ടുകൾ കിളിർപ്പിക്കാൻ സാധിക്കും.
ഇങ്ങനെ നടുന്ന തണ്ടുകൾ നേരിട്ട് ശക്തമായ വെയിലിൽ ഏൽക്കാതെ പകുതി തണലുള്ളതും വായു സഞ്ചാരം ലഭിക്കുന്നതുമായ സ്ഥലത്ത് വയ്ക്കുക. ഈ ഘട്ടത്തിൽ മണ്ണിൽ ഈർപ്പമുള്ളതായിരിക്കണം എന്നാൽ അധിക നനവ് ഉണ്ടാകുകയും ചെയ്യാതെ ശ്രദ്ധിക്കണം.
പഴുത്ത പഴങ്ങളിൽ നിന്നുള്ള വിത്തുകൾ ഉപയോഗിച്ച് യൂജീനിയ ചെടികൾ വളർത്താൻ കഴിയും. എന്നാൽ ഒരേ മാതൃചെടിയുടെ പ്രത്യേക സ്വഭാവങ്ങൾ അതേപടി പുതിയ ചെടികൾക്ക് ലഭിക്കണമെന്നില്ല. അതിനാൽ തന്നെ നഴ്സറിയിൽ കാണുന്ന ചെടികളുടെ പ്രത്യേക ആകൃതി, ഇലയുടെ വലുപ്പം, വളർച്ചാശീലം തുടങ്ങിയ ഗുണങ്ങൾ നിലനിർത്താൻ എയർ ലയേറിങ്, തണ്ടുകൾ അല്ലങ്കിൽ ചുവട്ടിൽ വേരിൽനിന്നും മറ്റുമുണ്ടാകുന്ന തൈകൾ ഉപയോഗിക്കുന്നത് കൂടുതൽ പ്രായോഗികമായിരിക്കും.
കീടങ്ങളും രോഗങ്ങളും
പൊതുവെ ഇവയുടെ ഇലകൾ കട്ടിയുള്ളവ ആയതിനാൽ തന്നെ രോഗകീട ബാധകൾ ഉണ്ടാകാറില്ല എന്നാൽ ഇവയിൽ ഉണ്ടാകുന്ന പുതിയ തളിരുകളിൽ ചില കീടങ്ങൾ ആക്രമിക്കാൻ സാധ്യതയുണ്ട്.ചെടികളെ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ:
- ഇലകൾ ചുരുണ്ടുപോകുക
- പുതിയ തളിരുകളിൽ ചെറിയ കീടങ്ങൾ കാണുക
- ഇലയിൽ എന്തെങ്കിലും ദ്രവകങ്ങൾ ഉണ്ടാകുക
- ഇലയുടെ നിറം മാറുക
- ചെടിയുടെ വളർച്ച പെട്ടെന്ന് കുറയുക
ചെടിയെ പുതിയ തളിരിലകൾ അധികമായി വരുന്ന സമയങ്ങളിൻ നന്നായി നിരീക്ഷിക്കുക. ചെറിയ തോതിലുള്ള പ്രശ്‌നങ്ങൾ ബാധിച്ച ഇലകളും ശാഖകളും നീക്കം ചെയ്യാം. എന്നാൽ കീടനാശികൾ ഉപയോഗിക്കേണ്ടുന്ന സാഹചര്യം ഉണ്ടായാൽ ആദ്യം ജൈവ കീടനാശിനികളായ വേപ്പെണ്ണ വെളുത്തുള്ളി കഷായം തുടങ്ങിയവ ഉപയോഗിച്ചതിന് ശേഷം മാത്രം രാസകീടനാശിനി ഉപയോഗിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ ലേബലിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
കേരളത്തിലെ മഴക്കാലത്ത് യൂജീനിയയെ എങ്ങനെ സംരക്ഷിക്കാം?
കേരളത്തിലെ അതി ഭയങ്കരമായ മഴക്കാലത്ത് യൂജീനിയ ചെടികൾക്ക് പ്രത്യേക പരിചരണം ആവശ്യമാണ്.
മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
യൂജീനിയ ചെടികൾ നമ്മുടെ വീടുകളിലേക്ക് വാങ്ങുമ്പോൾ ആരോഗ്യകരമായ പച്ച ഇലകളും ശക്തമായ തണ്ടുകളും ഉള്ള നല്ല ചെടി തിരഞ്ഞെടുക്കുക. ചട്ടിയിൽ ചെടികൾ നട്ട ശേഷം ആദ്യ ദിവസങ്ങളിൽ പെട്ടെന്ന് കനത്ത വെയിലിലേക്ക് മാറ്റാതെ തണലിൽ വെച്ച് ചെടിയൊന്ന് ചുവട് പിടിച്ച ശേഷം പതുക്കെ വെയിൽ കിട്ടുന്നിടത്തേക്ക് മാറ്റുന്നതാണ് നല്ലത്.
എല്ലാ ഘട്ടങ്ങളിലും ചെടിയുടെ വളർച്ച നിരീക്ഷിച്ച് ചെടികൾക്ക് ലഭ്യമാകുന്ന വെള്ളം, വളം, വെയിൽ, പ്രൂണിങ് എന്നീ നാല് കാര്യങ്ങളും ബാലൻസ് ചെയ്യുക.
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഏതൊരാൾക്കും യൂജീനിയ ചെടികൾ അതിമനോഹരമായ ശിൽപങ്ങളായി നമ്മുടെ വീടുകളിൽ വളർത്താൻ സാധിക്കുന്നതാണ്.

Post a Comment