ഒറിജിനൽ മുറ പോത്തുകളെ എങ്ങനെ തിരിച്ചറിയാം

 ഇറച്ചി ഉൽപ്പാദനത്തിനായി പോത്തുകളെ വാങ്ങുമ്പോൾ കർഷകർക്ക് മുന്നിലുള്ള  ഏറ്റവും പ്രധാന സംശയങ്ങളിലൊന്നാണ് “ഇത് ശരിക്കും ഒറിജിനൽ മുറ കുട്ടിതന്നെയാണോ?” എന്നത്. കറുത്ത നിറവും ചുരുണ്ട കൊമ്പും മാത്രം കണ്ടിട്ട് ഒരു കുട്ടിയെ മുറ എന്ന് തീരുമാനിക്കുന്നത് ശരിയായ രീതിയല്ല. ശരീരഘടന, തല, കൊമ്പ്, കണ്ണ്, ത്വക്ക്, വാൽ, കാലുകൾ തുടങ്ങിയ നിരവധി ശാരീരിക സവിശേഷതകൾ ഒരുമിച്ച് പരിശോധിച്ചാണ് നമ്മുടെ കണ്ണിന് മുൻപിലുള്ള ഇനത്തെക്കുറിച്ച് വിലയിരുത്തേണ്ടത്.


ഒറിജിനൽ  മുറ പോത്തുകളെ എങ്ങനെ തിരിച്ചറിയാം
Image Credit : Chat gpt 

 

ഇന്ത്യയിലെ അംഗീകൃത എരുമ ഇനങ്ങളിൽ ഒന്നാണ് മുറ (Murrah). ICAR-National Bureau of Animal Genetic Resources (NBAGR) മുറയെ ഇന്ത്യയിലെ അംഗീകൃത എരുമ ഇനമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ജനുസിന്റെ പ്രധാന ജന്മദേശം എന്ന് പറയുന്നത് ഹരിയാനയിലെ കേന്ദ്രപ്രദേശങ്ങളും ഡൽഹിയും ഉൾപ്പെടുന്ന പ്രദേശങ്ങളാണ്.

താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ മുറ കുട്ടികളെ നമുക്ക് മറ്റു കറുത്ത നിറമുള്ള എരുമകളിൽ നിന്ന് തിരിച്ചറിയുന്നത് കൂടുതൽ എളുപ്പമാകും.

 

1. ശരീരത്തിന്റെ നിറം

മുറ എരുമയുടെയും പോത്തിന്റെയും ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത അവയുടെ കടും കറുപ്പ് അഥവാ ജെറ്റ് ബ്ലാക്ക് നിറമുള്ള ശരീരമാണ്. പ്രായപൂർത്തിയായ കുട്ടികളിൽ അവയുടെ ശരീരത്തിലെ രോമങ്ങൾ സാധാരണയായി വളരെ കുറവും ത്വക്ക് കറുത്ത നിറത്തിലുമാണ് കാണപ്പെടുന്നത്. ICAR-Central Institute for Research on Buffaloes (CIRB) മുറയുടെ നിറം “ജെറ്റ് ബ്ലാക്ക്” എന്നാണ് രേഖപ്പെടുത്തുന്നത്.

എന്നാൽ ഒരു കാര്യം നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം: നല്ല കറുത്ത നിറം മാത്രം കണ്ടിട്ട് ഇത് മുറ കുട്ടികളാണെന്ന്  ഒരിക്കലും തീരുമാനിക്കരുത്. എന്ന് നമ്മുടെ ഇന്ത്യയിൽ ലഭ്യമായ പല നാടൻ എരുമകൾക്കും പോത്തുകൾക്കും കൂടാതെ മറ്റ് ചില ഇനങ്ങൾക്കും ഈ പറഞ്ഞ കറുപ്പ് നിറം ഉണ്ടാകാനിടയുണ്ട്.

ചില മുറ കുട്ടികളിൽ അവയുടെ വാലിന്റെ തുമ്പറ്റത്ത് വെളുത്ത രോമങ്ങൾ കാണാൻ സാധ്യതയുണ്ട്. മുഖത്തോ ശരീരത്തിന്റെ ചില ഭാഗങ്ങളിലോ ചെറിയ വെളുത്ത അടയാളങ്ങൾ ചില മൃഗങ്ങളിൽ കാണപ്പെടുന്നതായി ICAR-ന്റെ വിവരങ്ങളിലും പറയുന്നു. അതിനാൽ ചെറിയ വെളുത്ത അടയാളം ദേഹത്ത് കണ്ടതുകൊണ്ട് മാത്രം ഇവയെ മുറ കുട്ടികൾ അല്ലെന്ന് തീരുമാനിക്കാനും  ഒരു കാരണവശാലും പാടില്ല. 

 

2. കൊമ്പാണ് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ ലക്ഷണങ്ങളിൽ ഒന്ന്

മുറ കുട്ടികളെ തിരിച്ചറിയുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട സവിശേഷതകളിൽ ഒന്നാണ് അവയുടെ  കൊമ്പിന്റെ ആകൃതി.

മുറാ കുട്ടികളുടെ കൊമ്പുകളുടെ പ്രതേകതകൾ:

  • താരതമ്യേന ചെറുതായിരിക്കും
  • കട്ടിയുള്ളതും ശക്തവുമായിരിക്കും
  • വളരെ അടുത്തായി ചുരുണ്ടിരിക്കും
  • പിന്നിലേക്ക് തിരിഞ്ഞ ശേഷം മുകളിലേക്ക് വളർന്ന് അകത്തേക്ക് സ്പൈറൽ പോലെ ചുരുളും

ഇത്തരത്തിലുള്ള വളഞ്ഞു ഇറുകിയ രീതിയിലുള്ള  കൊമ്പുകളാണ് മുറ ഇനത്തിന്റെ പ്രധാന ബ്രീഡ് സവിശേഷതകളിൽ ഒന്നെന്ന് ICAR-CIRB വ്യക്തമാക്കുന്നു.

ഇവയുടെ പ്രായം കൂടുമ്പോൾ കൊമ്പിന്റെ ചുരുളിച്ചയിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം അതിനാൽ തന്നെ  വളരെ ചെറിയ കിടാവിന്റെ കൊമ്പും മുതിർന്ന എരുമയുടെ പോത്തിന്റെയും കൊമ്പും ഒരുപോലെയുള്ള ആകൃതിയിൽ ആയിരിക്കണമെന്നില്ല.

എന്നിരുന്നാലും ഇവയുടെ കൊമ്പ് മാത്രം നോക്കിയും ഒറിജിനൽ മുറയാണെന്ന്  ഉറപ്പിക്കരുത്. ഇനി പറയുന്ന ഇവയുടെ ശരീരത്തിലെ മറ്റ് സവിശേഷതകളുമായും പൊരുത്തപ്പെടുന്നുണ്ടോയെന്ന്  ശ്രദ്ധിക്കണം.

 

3. തലയുടെ ആകൃതി

മുറ ബ്രീഡിൽ ഉള്ളവ അവയുടെ ശരീരത്തോട് താരതമ്യപ്പെടുത്തുമ്പോൾ തല സാധാരണയായി ചെറുതും വൃത്തിയുള്ള ഘടനയുമുള്ളതായിരിക്കും. പ്രത്യേകിച്ച് എരുമയുടെ തല കൃത്യമായ ആകൃതി ഉള്ളവയായിരിക്കണമെന്ന് ജനിതക വിവരണങ്ങളിൽ വ്യക്തമാക്കുന്നു.

മുഖം ശരീരത്തോട് താരതമ്യപ്പെടുത്തുമ്പോൾ നീളമുള്ളതായി കാണാം എന്നിരുന്നാലും ഇവയുടെ തലയും കഴുത്തും ശരീരത്തിന്റെ വലുപ്പവുമായി നല്ല അനുപാതത്തിൽ ആയിരിക്കണം.

ഒരു നല്ല മുറ എരുമയെ അല്ലെങ്കിൽ പോത്തിനെ അവയുടെ മുന്നിൽ നിന്ന് നോക്കുമ്പോൾ തല വളരെ ഭാരമുള്ളതോ അസാധാരണമായി വീതിയേറിയതോ ആയിരിക്കണമെന്നില്ല. 

 

4. കണ്ണുകൾ പരിശോധിക്കുക

ഏത് ജീവികളെ വാങ്ങുമ്പോളും അവയുടെ കണ്ണുകളും പരിശോധിക്കണം.

കണ്ണുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്:

  • നന്നായി തെളിഞ്ഞതായിരിക്കണം
  • സ്വാഭാവികമായി തുറന്നിരിക്കണം
  • കണ്ണിൽ അസാധാരണമായ വെള്ള നിറം കാണരുത്
  • കണ്ണിൽ തുടർച്ചയായ നീരോഴുക്ക് ഉണ്ടാകരുത്
ജീവികളുടെ കണ്ണുകൾ പരിശോധിക്കുന്നത് ഇനം തിരിച്ചറിയുന്നതിനേക്കാൾ മൃഗത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനാണ് പ്രധാനമായും നമ്മളെ സഹായിക്കുന്നത്.

മുറയോട് സാമ്യമുള്ള  നീലി രവി ഇനം പൊത്തുകളിൽ  “വാല്ഡ്ഐസ്” എന്നും വെള്ള അടയാളങ്ങളും സാധാരണയായി വിവരിക്കപ്പെടുന്നതിനാൽ, കറുത്ത നിറത്തോടൊപ്പം കണ്ണിന്റെ രൂപവും ശ്രദ്ധിക്കുന്നത് രണ്ട് ഇനങ്ങളെ തമ്മിൽ വേർതിരിച്ചറിയുന്നതിനു സഹായകരമാണ്.
 

5. കഴുത്തിന്റെ ഘടന

മുറ ബ്രീഡിലുള്ള എരുമയുടെയും പോത്തിന്റെയും ശരീരഘടന പൊതുവെ ശക്തവും ഭാരം വഹിക്കാൻ കഴിവുള്ളതുമായിരിക്കും.

എരുമയുടെ കഴുത്ത് താരതമ്യേന വൃത്തിയുള്ളതും നീളമുള്ളതുമായിരിക്കും എന്നാൽ പോത്തുകളുടെ കഴുത്ത് കൂടുതൽ കട്ടിയുള്ളതും ശക്തവുമായിരിക്കും.

കഴുത്തിന് താഴെ വളരെ അധികം തൂങ്ങുന്ന താട മാത്രം കണ്ടിട്ട് ഇനം തീരുമാനിക്കരുത്. പകരം ഇവയുടെ  പ്രായം, ശരീരാവസ്ഥ, അവയ്ക്ക് ലഭിക്കുന്ന പോഷണങ്ങൾ എന്നിവ അനുസരിച്ച് ശരീരഘടനയിൽ മാറ്റം സംഭവിക്കാം.

 

6. ശരീരത്തിന്റെ വലുപ്പവും ഘടനയും

മുറ ബ്രീഡിലുള്ളവ സാധാരണയായി ശക്തമായ അസ്ഥികൂടവും നല്ല ഭാരമുള്ള ശരീരവുമുള്ളവയാണ്. അതിനാലാണ് മംസത്തിനുവേണ്ടി കുട്ടികളെ വളർത്താൻ തിരുമാനിക്കുന്നവർ കുടുതലും മുറ കുട്ടികളെ തിരഞ്ഞെടുക്കുന്നത്.

ശരീരഘടന ഇങ്ങനെയാണ് :
  • നീളം കൂടിയത്
  • തടിയുള്ളത് 
  • നല്ല പേശീവളർച്ചയുള്ളത്
  • ശക്തമായ കാലുകളുള്ളത്
  • പിന്നിലേക്ക് കൂടുതൽ വികസിച്ച വെജ്-ആകൃതിയിലുള്ള രൂപം
മുകളിൽ പറഞ്ഞ രൂപമായിരിക്കും മുറ കുട്ടികളുടെ. ഇതിനാലാണ് ICAR-CIRB മുറയെ “വലിയ നീളമുള്ള ശരീരവും ഘടനയുമുള്ളവ” എന്ന് വിവരിക്കുന്നത്.

ഇവയുടെ മുന്നിൽ നിന്ന് നോക്കുമ്പോൾ നെഞ്ചും മൃഗത്തിൻറെ മാറിട ഭാഗവും നല്ല രീതിയിൽ വികസിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുക.

 

7. പുറവും അരക്കെട്ടും

പുറം ഭാഗം നേരെയും വളരെ ശക്തവുമായിരിക്കണം. അരക്കെട്ടും  ഹിപ്പും നല്ല രീതിയിൽ വികസിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാവുന്നതാണ്.

ഇവ നടക്കുമ്പോൾ ശരീരഭാരം യാതൊരു കുഴപ്പവുമില്ലാതെ തന്നെ സ്വാഭാവികമായി വഹിക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കുക.

മൃഗങ്ങളുടെ പുറത്ത് വലിയ കുഴിയോ അസാധാരണമായ വളവോ കാണുന്നുണ്ടെങ്കിൽ വാങ്ങുന്നതിന് മുമ്പ് വിദഗ്ധ പരിശോധന നടത്തുന്നത് നല്ലതാണ്.
 

8. കാലുകളും കുളമ്പുകളും

നല്ല മുറ ബ്രീഡുകൾക്ക് ശക്തമായതും നേരെയുള്ള  കാലുകളും ആരോഗ്യകരമായ കുളമ്പുകളും ഉണ്ടായിരിക്കണം.

കാലുകൾ പരിശോധിക്കുമ്പോൾ:
  • കാലുകൾക്ക് വളവ് ഉണ്ടോ?
  • കാലുകളിൽ വീക്കം/ തടിപ്പ് ഉണ്ടോ?
  • നടക്കുമ്പോൾ മുടന്തുണ്ടോ?
  • കുളമ്പിൽ വിള്ളലുണ്ടോ?
  • ഒരു കാലിൽ അധിക ഭാരം ഇടുന്നുണ്ടോ?

എന്നിവയെല്ലാം തന്നെ നന്നായി ശ്രദ്ധിക്കണം. പറ്റുമെങ്കിൽ അവയെ നടത്തി നോക്കുന്നത് വളരെ നല്ലതായിരിക്കും.

മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഇവ ഒറിജിനൽ ബ്രീഡ് ആണോയെന്ന്   തിരിച്ചറിയുന്നതിനേക്കാൾ നമ്മൾ വാങ്ങാനുദ്ദേശിക്കുന്ന മൃഗത്തിന്റെ ആരോഗ്യം വിലയിരുത്താൻ വളരെ പ്രധാനമാണ്.

 

9. വാലിന്റെ പ്രത്യേകത

മുറയുടെ വാൽ സാധാരണയായി നീളമുള്ളതും താഴേക്ക് എത്തുന്നതുമായിരിക്കും. വാലിന്റെ അറ്റത്ത് കറുപ്പ് അല്ലെങ്കിൽ ചിലപ്പോൾ ചെറിയ രീതിയിലുള്ള വെളുത്ത നിറവും കാണാം. ICAR-CIRB-യും മുറ എന്ന ബ്രീഡിന് നീളമുള്ള വാലും വാലറ്റത്തു ചെറിയ വെള്ള നിറവും സാധാരണയായി കാണപ്പെടുന്നു എന്ന്  രേഖപ്പെടുത്തിയിട്ടുണ്ട്.

വാലിന്റെ നീളവും നിറവും മറ്റ് ശരീരലക്ഷണങ്ങളോടൊപ്പം തന്നെ ഇവാ ഒറിജിനൽ കിട്ടികളാണോ എന്ന് അറിയാൻ പരിശോധിക്കണം.

 

10. ത്വക്കും രോമങ്ങളും

മുറ ബ്രീഡിന്റെ ത്വക്ക് സാധാരണയായി കറുത്തതും മറ്റുള്ളവയെ അപേക്ഷിച്ചു മൃദുവും നേർത്തതുമായിരിക്കും,  കൂടാതെ ഇവയുടെ ശരീരത്തിൽ രോമം കുറവായിരിക്കും.

ആരോഗ്യമുള്ള മൃഗത്തിൽ ത്വക്കും രോമവും നല്ല തിളക്കമുള്ളതായി തോന്നാം.

എന്നാൽ “തിളങ്ങുന്ന കറുത്ത ശരീരം” മാത്രം ഒറിജിനൽ മുറയുടെ തെളിവല്ല. ഭക്ഷണം, പരിപാലനം, ആരോഗ്യസ്ഥിതി, കുളിപ്പിക്കൽ തുടങ്ങിയവയും ശരീരത്തിന്റെ പുറംഭാവത്തെ നന്നായി ബാധിക്കും. അതിനാൽ തന്നെ നമ്മൾ വാങ്ങാനുദ്ദേശിക്കുന്ന മൃഗത്തിന്റെ പരിപാലന രീതികളും അവയെ വളർത്തുന്ന പശ്ചാത്തലവും ശ്രദ്ധിക്കേണ്ടതാണ്.

 

11. കിടാവിനെ വാങ്ങുമ്പോൾ എന്തൊക്കെ നോക്കണം?

ചെറിയ കിടാവിൽ മുതിർന്നവയുടെ എല്ലാ ബ്രീഡ് സ്വഭാവങ്ങളും പൂർണ്ണമായി പ്രകടമായിരിക്കണമെന്നില്ല.

കിടാവിനെ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടവ:
  • സാധിക്കുമെങ്കിൽ അവയുടെ മാത്രഗുണത്തെ കാണുകയോ അവയെക്കുറിച്ചു മനസിലാക്കുകയോ ചെയ്യുക
  • മാതാപിതാക്കളുടെ ബ്രീഡ് സ്വഭാവം പരിശോധിക്കുക
  • കൊമ്പിന്റെ വളർച്ചയുടെ സ്വഭാവം നോക്കുക
  • കടും കറപ്പിലുള്ള ശരീരനിറം പരിശോധിക്കുക
  • കാലുകളും കുളമ്പുകളും പരിശോധിക്കുക
  • കിടാവിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തുക
  • കുത്തിവെപ്പുകൾ, വിരയിളക്കം എന്നിവയെക്കുറിച്ചു ചോദിച്ചു മനസ്സിലാക്കുക 
മാത്രഗുണമുള്ള രേഖകളുള്ള കിടാവാണ് കൂടുതൽ സുരക്ഷിതമായ തിരഞ്ഞെടുപ്പ്. എന്നിരുന്നാലും ഇറച്ചി ആവശ്യത്തിനായി വാങ്ങുമ്പോൾ നല്ലൊരു കച്ചവടക്കാരനെയും ആ ലോഡിൽ വന്ന മികച്ച കിട്ടിയേയും തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. കൂടാതെ ചെറിയ തൂക്കമുള്ള കുട്ടികളെ എടുക്കന്നതിനു പകരം കുറഞ്ഞത് 120 കിലോയ്ക്ക് മുകളിലുള്ള കുട്ടികളെ തിരഞ്ഞെടുത്താൽ അവ കൂടുതൽ സമയം അമ്മയുടെ പാൽ കുടിച്ചു ആരോഗ്യ ശേഷിയുള്ളവയാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
 

12. “ഒറിജിനൽ മുറാ” എന്ന് ഉറപ്പാക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗം

കണ്ണുകൊണ്ട് മാത്രം ഒരു കുട്ടിയെ 100% ഒറിജിനൽ മുറ എന്ന് ഉറപ്പിക്കാൻ നമുക്ക് കഴിയില്ല.

തിരഞ്ഞെടുത്ത മൃഗത്തിന്റെ വർഗ്ഗം തിരിച്ചറിയുന്നതിൽ ബാഹ്യമായ പ്രകടനലക്ഷണങ്ങൾ പ്രധാനമാണെങ്കിലും, ജനിതക ലക്ഷണം പോലുള്ള ശാസ്ത്രീയ രീതികൾക്കാണ് കൂടുതൽ കൃത്യത നൽകാൻ കഴിയുന്നത്. ICAR-NBAGR തന്നെ ജീവി വർഗ്ഗത്തിന്റെ പ്രകടനലക്ഷണങ്ങൾക്കൊപ്പം മോളികുലാർ ജീനറ്റിക് സവിശേഷതകൾ കൂടെ ശ്രദ്ധിക്കുന്നതായി വ്യക്തമാക്കുന്നു.

അതുകൊണ്ട് വില കൂടിയ ബീഡിലുള്ളവയെ വാങ്ങുമ്പോൾ:
  1. വംശാവലി രേഖകൾ പരിശോധിക്കുക
  2. മാതാപിതാക്കളുടെ വിവരങ്ങൾ ചോദിക്കുക
  3. ലഭ്യമായ പാൽ ഉല്പാദനം പരിശോധിക്കുക
  4. ചെവിയിൽ ടാഗ് ഉണ്ടെങ്കിൽ അവയിലെ വിവരങ്ങൾ പരിശോധിക്കുക
  5. ബ്രീഡിങ് ഹിസ്റ്ററി പരിശോധിക്കുക
  6. വെറ്റിനറി പരിശോധനകൾ നടത്തുക
  7. വലിയ നിക്ഷേപമാണെങ്കിൽ വിദഗ്ധന്റെ ഉപദേശം തേടുക

ഇവയെല്ലാം ഒരുമിച്ച് ചെയ്യുന്നതാണ് ഏറ്റവും സുരക്ഷിതം.

കേരളത്തിൽ ഇന്ന് മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള മുറ ഇനം അല്ലെങ്കിൽ മുറ ക്രോസ്സ് കുട്ടികൾ വിപണിയിൽ ലഭ്യമായതിനാൽ തന്നെ “മുറ” എന്ന പേരിൽ മാത്രം വിശ്വസിച്ച് ഉയർന്ന വില നൽകുന്നത് കഴിവതും ഒഴിവാക്കുക.

അടുത്ത തവണ മുറ കുട്ടികളെ വാങ്ങാൻ പോകുമ്പോൾ ആദ്യം അവയുടെ കൊമ്പ്, പിന്നെ ശരീരഘടന, തുടർന്ന് വാൽ, തല, കണ്ണ്, കാലുകൾ എന്നിവ പരിശോധിക്കുക; കുട്ടികളെ ഇഷ്ടപ്പെട്ടാൽ അവസാനം അവയുടെ രേഖകൾ ലഭ്യമാണ് എങ്കിൽ അതുകുടെ പരിശോധിക്കുക. ഇങ്ങനെ ഘട്ടംഘട്ടമായി പരിശോധിച്ചാൽ തെറ്റായ ഇനം വാങ്ങാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാം. 

 

Post a Comment

Previous Post Next Post