--> പച്ചമുളക് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പച്ചമുളക് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



നമ്മുടെ അടുക്കളകളിൽ ഒരിക്കലും ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് പച്ചമുളകിന്റെ ഉപയോഗം. എന്നാൽ നമ്മളിൽ അധികം ആളുകളും അടുത്തുള്ള പച്ചക്കറി കടകളെയാണ് നമ്മുടെ വീട്ടിലേക്ക് ആവശ്യമായ പച്ചമുളകിനായി ആശ്രയിക്കുന്നത്. എന്നാൽ ആ പതിവൊന്നു മാറ്റി നമുക്ക് ആവശ്യമുള്ള പച്ചമുളക് നമുക്കുതന്നെ വീടുകളിൽ കുറഞ്ഞ സ്ഥലത്തും വളരെ എളുപ്പത്തിൽ കൃഷിചെയ്‌താലോ.

 

പച്ചമുളക് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Image Credit : Designed by Freepik

 പച്ചമുളക് കൃഷി ആർക്കും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കൃഷിയാണ്. അതിനായി ആദ്യം ശ്രദ്ധിക്കേണ്ടത് നല്ല ഗുണമേന്മയും കായ് ഫലവും നൽകുന്ന വിത്തുകൾ കൃഷിക്കായി തിരഞ്ഞെടുക്കുക എന്നതാണ്. മെയ്-ജൂൺ, ഓഗസ്റ്റ്-സെപ്റ്റംബർ, ഡിസംബർ-ജനുവരി എന്നീ മാസങ്ങളിലാണ് പച്ചമുളക് കൃഷി ചെയ്യാൻ നമ്മുടെ കാലാവസ്ഥയിൽ ഏറ്റവും ഉചിതമായ സമയം.

ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും എളുപ്പത്തിൽ പച്ചമുളക് കൃഷി ചെയ്യാൻ സാധിക്കുന്നതാണ്.

മണ്ണ്:

പച്ചമുളക് വളർത്താൻ നല്ല നീർവാർച്ചയുള്ള ഇളക്കമുള്ള മണ്ണാണ് ഉത്തമം. ചെടിച്ചുവട്ടിൽ മണ്ണ് കട്ടപിടിച്ചു കുഴഞ്ഞു കിടന്നാൽ അത് ചെടിച്ചുവട്ടിലെ വായുസഞ്ചാരത്തിനു തടസം നീക്കുകയും അതുവഴി ചെടികൾക്ക് വേരിൽനിന്നും ഉണ്ടാകുന്ന വാട്ടരോഗം, വേരുചീയൽ തുടങ്ങിയ രോഗങ്ങൾ വ്യാപിക്കാനും ഇടയാകും. ചെടികൾ നടാനായി മണ്ണ് അടിവളമായി നൽകാൻ സാധിക്കുന്ന ജൈവ വളങ്ങളായ ചാണകപ്പൊടി, ആട്ടിൻവളം, കംബോസ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് 2 :1 എന്ന അനുപാതത്തിൽ കൂട്ടിക്കലർത്തി തയാറാക്കിയ മിശ്രിതത്തിൽ ചെടികൾ നടാവുന്നതാണ്.

തൈകൾ തയാറാക്കുന്ന രീതി:

പച്ചമുളക് കൃഷിക്കായി വിത്തുകൾ വഴിയാണ് പുതിയ തൈകൾ തയാറാക്കുന്നത്. വാണിജ്യ അടിസ്ഥാനത്തിലുള്ള കൃഷിയായിട്ടാണ് ചെയ്യുന്നതെങ്കിൽ ഗുണമേന്മയുള്ള വിത്തുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. അനുഗ്രഹ, ഉജ്ജ്വല, വെള്ളായണി സമൃദ്ധി, അതുല്യ,  ജ്വാലാസഖി, ജ്വാലമുഖി തുടങ്ങിയ ഇനങ്ങൾ മികച്ച വിളവ് നൽകുന്നവയാണ്.വീട്ടിലെ ആവശ്യത്തിനും ഈ മുകളിൽ പറഞ്ഞിരിക്കുന്ന ഇനങ്ങൾ ഉത്തമമാണ്. എന്നാൽ നമുക്ക് വിത്തുകൾ ലഭ്യമല്ല എങ്കിൽ എരിയും നീളവുമുള്ള നല്ല മുളക് നോക്കി വാങ്ങി അതിന്റെ പഴുത്ത മുളകിൽ നിന്നും വിത്തുകൾ ശേഖരിച്ചു പുതിയ തൈകൾ തയാറാക്കാൻ സാധിക്കും. 

തിരഞ്ഞെടുത്ത വിത്തുകൾ നടുന്നതിനു കുറച്ചു മണിക്കൂർ മുൻപേ സ്യൂഡോമോണോസ് ലായനിയില്‍ മുക്കിവെച്ചതിനു ശേഷം ചകിരിച്ചോറിലോ മണ്ണിലോ പാകികിളിർപ്പിക്കാവുന്നതാണ്. ഇങ്ങനെ കിളിർപ്പിക്കാനായി നടുന്ന വിത്തുകൾ മുളച്ചു മുന്ന് ആഴ്ച്ച പ്രായമാകുമ്പോൾ മുതൽ നമുക്ക് തയ്യാറാക്കിയിരിക്കുന്ന സ്ഥലത്തേക്ക് പറിച്ചു നടാവുന്നതാണ്. വീട്ടാവശ്യത്തിന് വളർത്തുമ്പോൾ മുളകിന്റെ ശാഖകൾ മുറിച്ചു വെള്ളത്തിൽ ഇട്ടു വേരുകൾ വരുത്തി പുതിയ തൈകൾ തയ്യാറാക്കാവുന്നതാണ്. 

തൈകൾ നടുന്ന രീതി:

പച്ചമുളക് മണ്ണിലോ, ഗ്രോ ബാഗുകളിലോ, ചാക്കിലോ, ചെടിച്ചട്ടികളിലോ വളർത്താൻ സാധിക്കും. പാകി കിളിർപ്പിച്ച തൈകൾ ഗ്രോ ബാഗുകളിലോ, ചാക്കിലോ, ചെടിച്ചട്ടികളിലോ നടുമ്പോൾ ആദ്യ ലയറായി കരിയില ഇട്ടശേഷം മണ്ണ് അടിവളമായി നൽകാൻ സാധിക്കുന്ന ജൈവ വളങ്ങളായ ചാണകപ്പൊടി, ആട്ടിൻവളം, കംബോസ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് 2 :1 എന്ന അനുപാതത്തിൽ കൂട്ടിക്കലർത്തി തയാറാക്കിയ മിശ്രിതം നിറച്ചു അതിലേക്കു ഒന്നോ രണ്ടോ തൈകൾ നമ്മൾ തിരഞ്ഞെടുത്ത ചട്ടിയുടെ വലിപ്പം അനുസരിച്ചു തൈകൾ നടാവുന്നതാണ്. എന്നാൽ മണ്ണിലാണ് തൈകൾ നടുന്നതെങ്കിൽ മണ്ണ് നന്നായി കിളച്ചു കട്ടകൾ മാറ്റിയതിനു ശേഷം ജൈവവളവും നൽകി തയ്യാറാക്കിയിരിക്കുന്ന സ്ഥലത്തേക്ക് തൈകൾ നടാവുന്നതാണ്. തൈകൾ പറിച്ചു നടുമ്പോൾ വൈകുന്നേരങ്ങളിൽ തൈകൾ നടുന്നതായിരിക്കും ഏറ്റവും ഉത്തമം. തൈകൾ തമ്മിൽ കുറഞ്ഞത് 40 സെന്റിമീറ്റർ അകലം നൽകണം. ചെടികൾ തമ്മിൽ അകലം കൂടിയാലും കുഴപ്പമില്ല കുറയാൻ പാടില്ല. 

വളപ്രയോഗം:

തൈകൾ നട്ട് ഒരാഴ്ചയ് കഴിയുമ്പോൾ മണ്ണിൽ ഗോമൂത്രം, ബയോഗ്യാസ് സ്ലറി, കപ്പലണ്ടി പിണ്ണാക്ക് പുളിപ്പിച്ചത്, ചാണക സ്ലറി, കഞ്ഞിവെള്ളം  എന്നിവയുടെ നേർപ്പിച്ച തെളികൾ നമുക്ക് ചെടികൾക്ക് നല്കിത്തുടങ്ങാൻ സാധിക്കും. ചെടികൾക്ക് എപ്പോഴും നല്ലതു ജൈവവളമാണെന്നിരിക്കെ വാണിജ്യ കൃഷി ചെയുമ്പോൾ ആവശ്യമെങ്കിൽ രാസവളങ്ങളായ യൂറിയ, പൊട്ടാഷ്, സൂപ്പർഫോസ്ഫേറ്റ് തുടങ്ങിയ വളങ്ങൾ നൽകാൻ സാധിക്കും. കൂടാതെ ചെടിയുടെ വളർച്ചാ സമയത് ചെടികൾ മറിഞ്ഞു വീഴാതെ താങ്ങുകൾ നൽകി സംരക്ഷിക്കേണ്ടതു അത്യാവശ്യമാണ്.

സൂര്യപ്രകശം:

ചെടികൾക്ക് നല്ല ആരോഗ്യവും കായ്‌ഫലവും ലഭിക്കാൻ സൂര്യപ്രകാശം അത്യാവശ്യമാണ്. തണലിൽ വളരുന്ന ചെടികൾക്ക് കായ്‌ഫലം കുറയുന്നതായി കാണുന്നു.

വെള്ളം:

ചെടികളുടെ വളർച്ചയ്ക്ക് വെള്ളം ആവശ്യമാണ് എന്നിരുന്നാലും അധികം വെള്ളം ചെടിച്ചുവട്ടിൽ കെട്ടിനിൽക്കുന്നത് ചെടിയുടെ വേരുകൾ അഴുകി ചെടി നശിക്കുന്നതിനു കാരണമാകും. വേനൽക്കാലത്തു ചെടിക്ക് ആവശ്യമായ വെള്ളം കൊടുക്കാൻ പ്രതേകം ശ്രദ്ധിക്കണം. 

രോഗ കീടബാധ:

പച്ചമുളകിനു രോഗ കീടബാധയില്ല എന്ന് പറയാൻ സാധിക്കില്ല ചില സ്ഥലങ്ങളിൽ ചില സമയത് ഇലചുരുളൽ, മൊസൈക്, വാട്ടം, വേരുചീയൽ , വെള്ളിച്ച തുടങ്ങിയ പല രോഗങ്ങളും കാണാൻ സാധിക്കും ഇലചുരുളൽ, മൊസൈക്, വെള്ളിച്ച  തുടങ്ങിയവയെ നിയന്ത്രിക്കാൻ വേപ്പെണ്ണയധിഷ്ഠിത ജൈവകീടനാശിനികൾ ഉപയോഗിക്കാവുന്നതാണ്. രോഗം കാണുമ്പോൾ തന്നെ ചികിത്സ നൽകണം. വാട്ടരോഗം കണ്ടാൽ ട്രൈക്കോഡെർമ , സ്യൂഡോമോണസ്  എന്നിവ മണ്ണിൽ നൽകാവുന്നതാണ് അതുപോലെ ചെടിച്ചുവട്ടിൽ വെള്ളം കെട്ടിനിൽക്കുന്നതാണ് വാട്ടരോഗം വരാനുള്ള പ്രധാന കാരണം അതിനാൽ വെള്ളം കെട്ടിനിൽക്കാതെ ചെടിയെ സംരക്ഷിക്കേണ്ടതാണ്. ചെടികൾക്ക് വേരുചീയൽ കണ്ടാൽ മണ്ണിൽ ട്രൈക്കോഡെർമ നൽകാവുന്നതാണ് കൂടാതെ രോഗം ബാധിച്ച ചെടികളെ നശിപ്പിക്കുന്നത് മറ്റുചെടികളിലേക്കു വാട്ടരോഗം, വേരുചീയൽ എന്നിവ വ്യാപിക്കുന്നത് തടയാൻ സാധിക്കും. 

ചെടികൾ നട്ട് 60 മുതൽ 80 ദിവസത്തിനുള്ളിൽ തന്നെ പച്ചമുളക് വിളവെടുക്കാൻ സാധിക്കും. ചെടിയിൽ ഇരുന്നു മുളക് പഴുക്കുന്നതിനു മുൻപേ തന്നെ മുളക് ശേഖരിക്കണം. ചെടികളിൽ കിടന്നു മുളക് പഴുക്കുന്നതു ചെടിയിൽ വിളവ് കുറയാൻ കാരണമാകും. 

മുളക് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ 


  • വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം രണ്ടു ശതമാനം വീര്യത്തിൽ ഇലകളിൽ തളിച്ചാൽ കുരുടിപ്പ് തടയാൻ സാധിക്കും.
  • രണ്ട് ടേബിൾ സ്പൂൺ തൈരിൽ 5 ഗ്രാം പാൽക്കായം ചേർത്ത് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ചെടികളിൽ തളിച്ചാൽ ചെടി നന്നായി പൂവിടുന്നതിനു സഹായിക്കും.
  • ഒരുപിടി കടലപ്പിണ്ണാക്ക്  മുന്ന് ദിവസം കുതിർത്തു അതിലേക്കു രണ്ടിരട്ടി വെള്ളം ചേർത്ത് ചെടികളിൽ തളിച്ചാൽ ചെടികളിലെ പൂ പൊഴിച്ചിൽ കുറയുന്നതിന് സഹായിക്കും.
  • പുളിപ്പിച്ച കഞ്ഞിവെള്ളം ചെടികൾക്കു നൽകുന്നത് ചെടികളിലെ പൂ പൊഴിച്ചിൽ കുറയുന്നതിന് സഹായിക്കും.

Post a Comment

Previous Post Next Post