പച്ചക്കറി ഇനങ്ങളിൽ ആളുകൾക്ക് ഇഷ്ട്ടവും അതുപോലെ തന്നെ കുറേ ആളുകൾക്ക് ഇഷ്ടക്കേടുമുള്ളതുമായ ഒരു ഇനമാണ് പാവയ്ക്ക. പാവയ്ക്കായിലെ കൈയ്പ്പാണ് അധികം ആളുകളേയും ഈ പച്ചക്കറി ഇഷ്ട്ടപെടാത്തതിന്റെ അല്ലെങ്കിൽ ഭക്ഷണത്തിൽ നിന്നും ഈ പച്ചക്കറിയെ ഒഴിവാക്കുന്നതിന്റെ കാരണം എന്ന് പറയുന്നത്. എന്നാൽ പാവയ്ക്കയിൽ അടങ്ങിയിരിക്കുന്ന ഔഷധ ഗുണങ്ങൾ അറിഞ്ഞാൽ നാം ഏറ്റവും കൂടുതൽ കഴിക്കാൻ പോകുന്നതും ഈ പാവയ്ക്ക തന്നെയാണ്.
![]() |
Image Credit : Designed by Freepik |
പാവയ്‌ക്കയ്‌ക്ക് ഉള്ള ഔഷധ ഗുണങ്ങൾ എന്തൊക്കെയാണ് ?
- ദഹനത്തിന് സഹായിക്കുന്നു
- ഇവയിൽ വിറ്റാമിൻ സി ഉള്ളതിനാൽ ഇവയുടെ ഉപയോഗം നമുക്ക് രോഗ പ്രതിരോധ ശേഷി നൽകുന്നു.
- ഇൻസുലിൻ പോലെയൊരു പ്രോട്ടീനായ പോളിപെപ്റ്റൈഡ്-പി അടങ്ങിയിട്ടുള്ളതിനാൽ രാക്ഷ്ത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും
- ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ നമ്മുടെ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതു വഴി ഹൃദയത്തെ സംരക്ഷിക്കുന്നു.
- ഇവയുടെ ഉപയോഗം കരൾ വീക്കം കുറയ്ക്കുന്നതിന് സഹായിക്കുന്നു.
- മുഖക്കുരു, ചർമ്മത്തിനുണ്ടാകുന്ന അണുബാധകൾ ഒഴിവാക്കാനും പാവയ്ക്കയുടെ ഉപയോഗം സഹായിക്കും.
- ശരീര ഭാരം കുറയ്ക്കുന്നതിന് സഹായിക്കും.
പാവൽ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
ഇത്രയൊക്കെ ഗുണങ്ങൾ ഉണ്ടെന്നറിഞ്ഞപ്പോൾ പാവയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ തോന്നുന്നുണ്ടോ നിങ്ങൾക്ക് എങ്കിൽ കടയിൽ നിന്നും വാങ്ങാതെ തന്നെ നമ്മുടെ ആവശ്യത്തിനുള്ള പാവയ്ക്ക നമുക്ക് തന്നെ ഒരു പ്രയാസവുമില്ലാതെ വീടുകളിൽ കൃഷിചെയ്‌താലോ. ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും എളുപ്പത്തിൽ പാവൽ കൃഷി ചെയ്യാൻ സാധിക്കുന്നതാണ്.
മണ്ണ്:
വെള്ളം കെട്ടിനിൽക്കാത്ത ഇളക്കമുള്ള വളക്കൂറുള്ള മണ്ണാണ് പാവൽ കൃഷിയ്ക്ക് ഏറ്റവും അനുയോജ്യം. ചെടികൾ മണ്ണിലോ ഗ്രോബാഗ്, ചട്ടി, ചാക്ക് എന്നിവയിലും നന്നായി വളർത്താൻ സാധിക്കുന്നവയാണ്. ഗ്രോബാഗ്, ചട്ടി, ചാക്ക് എന്നിവയിൽ കൃഷി ചെയ്യുമ്പോൾ തൈകൾ നടാനാവശ്യമായ് മണ്ണ്, ചെടിയ്ക്ക് നൽകാൻ സാധിക്കുന്ന ജൈവ വളങ്ങളായ ചാണകപ്പൊടി, ആട്ടിൻവളം, കമ്പോസ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് എന്നിവ 2 : 1 എന്ന അനുപാതത്തിൽ കുട്ടി കലർത്തി തയാറാക്കിയ മിശ്രിതം ഉപയോഗിക്കാം.
തൈകൾ തയാറാക്കുന്ന രീതി:
പാവൽ കൃഷിക്കായി തൈകൾ നേരിട്ട് വിത്തുകൾ നട്ടോ അല്ലെങ്കിൽ പാകി കിളിർപ്പിച്ച തൈകൾ പറിച്ചു നട്ടോ കൃഷി ചെയ്യാവുന്നതാണ്. തൈകൾ തയ്യാറാക്കാനായി നല്ല ആരോഗ്യമുള്ള രോഗ കീടബാധ ഏൽക്കാത്ത നല്ല വിത്തുകൾ വേണം തിരഞ്ഞെടുക്കാൻ. മികച്ചയിനം വിത്തുകൾ വാങ്ങിയോ അതുമല്ലെങ്കിൽ പഴുത്ത പാവയ്ക്കയിൽ നിന്നും നല്ല വിത്തുകൾ ശേഖരിച്ചോ തൈകൾ തയ്യാറാക്കാം.
പാവൽ വിത്തുകൾ ശേഖരിക്കുന്നതിനെക്കുറിച്ചറിയാൻ ഈ വിഡിയോ കാണുക.
പ്രിയ, പ്രിയങ്ക, പ്രീതി തുടങ്ങിയ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ വികസിപ്പിച്ചെടുത്ത മികച്ച വിളവ് തരുന്ന ഇനങ്ങളും കൃഷിക്കായി ഉപയോഗിക്കാം. കൃഷി ചെയ്യുന്നത് വാണിജ്യ അടിസ്ഥാനത്തിനാണ് എങ്കിൽ ഈ പറഞ്ഞ വിത്തുകൾ ഉപയോഗിക്കുന്നതാണ് നല്ലത് എന്നാൽ കൃഷി നമ്മുടെ വീട്ടാവശ്യത്തിനാണ് എങ്കിൽ ഇവ കൂടാതെ നാടൻ ഇനങ്ങളും വളർത്താവുന്നതാണ്.
തൈകൾ നടുന്ന രീതി:
പാവൽ പ്രധാനമായും മെയ് മുതൽ ആഗസ്റ്റ് വരെയും അല്ലകിൽ സെപ്റ്റംബർ മുതൽ ഡിസംബർ വരെയോ അതുമല്ലെങ്കിൽ ജനുവരി മുതൽ മാർച്ച് വരെയുള്ള വേനൽക്കാലത്താണ് കൃഷി ചെയ്യുന്നത്. മണ്ണിളക്കി തയാറാക്കിയ സ്ഥലത്തു തടങ്ങൾ എടുത്തു അടിവളമായി ചാണകപ്പൊടിയോ, ആട്ടിൻവളമോ, നൽകി അതിലേക്ക് നേരത്തെ സ്യൂഡോമോണോസ് ലായനിയില്‍ മുക്കിവെച്ചവിത്തുകൾ നേരിട്ട് നടാവുന്നതാണ്. എന്നാൽ പാകി കിളിർപ്പിച്ച തൈകളാണ് നടുന്നതെങ്കിൽ ആരോഗ്യമുള്ള നല്ല തൈകൾ തിരഞ്ഞെടുത്തുവേണം നടാൻ. ഒരു തടത്തിൽ ആരോഗ്യമുള്ള രണ്ടോ മൂന്നോ തൈകൾ നിർത്താവുന്നതാണ്.
പാവൽ കൃഷിയെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വിഡിയോ കാണുക.
എന്നാൽ കൃഷി ഗ്രോബാഗ്, ചട്ടി, ചാക്ക് എന്നിവയിലാണ് കൃഷി ചെയ്യുന്നത് എങ്കിൽ ആദ്യ ലയറായി കരിയില ഇട്ടശേഷം അതിന് മുകളിലേക്ക് മുകളിൽ പറഞ്ഞ രീതിയിൽ തയാറാക്കിയ മിശ്രിതം നൽകി അതിൽ നടുന്ന ഗ്രോബാഗ്, ചട്ടി, ചാക്ക് എന്നിവയുടെ വലിപ്പം അനുസരിച്ച് ഒന്നോ രണ്ടോ ആരോഗ്യമുള്ള തൈകൾ നടാവുന്നതാണ്. ചെടികൾ നട്ട് വള്ളിവീശി തുടങ്ങുമ്പോൾ തന്നെ താങ്ങുകൾ കൊടുത്ത് നല്ല ഉറപ്പുള്ള പന്തലിൽ കയറ്റി വളർത്തണം. അതുപോലെ ചെടിത്തലപ്പ് പന്തലിൽ കയറുന്നതുവരെ തണ്ടുകളിൽ നിന്നും ഉണ്ടാകുന്ന പുതിയ തലപ്പുകൾ നുള്ളുന്നത് ചെടി നന്നായി ആരോഗ്യത്തോടെ വളർന്ന് പന്തലിൽ പടർന്ന് വളരുന്നതിനും ചെടിയുടെ ചുവട് വൃത്തിയായി ഇരിക്കുന്നതിനും സഹായിക്കും.
സൂര്യപ്രകാശം:
ചെടികൾക്ക് നല്ല സൂര്യ പ്രകാശം ആവശ്യമാണ്. ചെടിയ്ക്ക് ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറവാണെങ്കിൽ ചെടിയുടെ വളർച്ച മുരടിക്കുകയും കായ്ഫലം കുറയുകയും ചെയ്യും.
വെള്ളം:
പാവൽ ചെടികൾക്ക് വെള്ളം ആവശ്യമാണ് എന്നാൽ ചെടിച്ചുവട്ടിൽ വെള്ളം കെട്ടിനിന്ന് ചെടി അഴുകിപോകുന്നതിന് ഇടവരുത്തരുത്. പാവൽ വേനൽക്കാലത്തെ കൃഷി ആയതിനാൽ തന്നെ ചെടി വെയിൽ അടിച്ചു ഉണങ്ങാതെ ആവശ്യമെങ്കിൽ രണ്ടുനേരം നനയ്ക്കാവുന്നതാണ്. വെള്ളം കെട്ടിനിൽക്കാത്ത സ്ഥലങ്ങളിൽ തടം മണ്ണ് ലെവലിൽ നിന്നും താത്തും വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിൽ തടം മണ്ണ് ലെവലിൽ നിന്ന് ഉയർത്തിയും തയാറാക്കാവുന്നതാണ്.
വളപ്രയോഗം:
ചെടികൾ നടുമ്പോൾ നൽകുന്ന അടിവളമായ ജൈവ വളത്തിനു ശേഷം പറിച്ചുനട്ട തൈകൾ വേരുപിടിച്ചു രണ്ട് ആഴ്ചക്കുള്ളിൽ ഒരുപിടി വേപ്പിൻ പിണ്ണാക്ക് തടത്തിൽ ഇട്ടു കൊടുക്കുന്നത് ചെടിയുടെ ആരോഗ്യത്തിന് നല്ലതാണ്. പിന്നീടുള്ള എല്ലാ രണ്ടാഴ്ച കൂടുമ്പോളും ദ്രവക രൂപത്തിൽ ജൈവ വളങ്ങൾ നൽകുന്നത് ചെടിയുടെ വളർച്ചയ്ക്കും അതുപോലെ കായ പിടുത്തത്തിനും നല്ലതാണ്. ചെടികൾക്ക് ജൈവവളമായി കടലപ്പിണ്ണാക്ക് പുളിപ്പിച്ചത്, ബയോ ഗ്യാസ് സ്ലറി, പച്ചച്ചാണക സ്ലറി തുടങ്ങിയവ ഉപയോഗിക്കാം വളങ്ങൾ നൽകുമ്പോൾ അവയുടെ കൂടെ അൽപം വേപ്പിൻ പിണ്ണാക്കുടെ നൽകുന്നത് ചെടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് കാരണമാകും.
രോഗ കീടബാധ:
പാവലിനെ ബാധിക്കുന്ന ഏറ്റവും പ്രധാന കീടം എന്ന് പറയുന്നത് കായീച്ച, ഇലപ്പേൻ എന്നിവയാണ്. ഇവയുടെ ആക്രമണം ചെടികളിൽ കണ്ടാൽ ഉടൻ തന്നെ ഏതെങ്കിലും വേപ്പെണ്ണ അധിഷ്ഠിത ജൈവകീടനാശിനികൾ ഉപയോഗിക്കാവുന്നതാണ്. രോഗം വന്നിട്ട് ചികിൽസിക്കുന്നതിനെക്കാൾ രോഗം വരാതെ സംരക്ഷിക്കുന്നതാണ് ഏറ്റവും നല്ലത് അതിനാൽ തന്നെ ചെടികൾ വള്ളി വീശി തുടങ്ങുമ്പോൾ മുതൽ ആഴ്ചയിൽ ഒരിക്കൽ വീതം വേപ്പെണ്ണ മിശ്രിതം ഇലകളിൽ മൊത്തമായി തളിച്ച് കൊടുക്കുന്നത് ചെടികളിലെ നീരൂറ്റി കുടിക്കുന്ന പ്രധാനപെട്ട കീടങ്ങളിൽ നിന്നും ചെടികളെ സംരക്ഷിക്കാൻ സാധിക്കും. പാവൽ ചെടികളുടെ ചുവട് എപ്പോളും കളകൾ കയറാതെയും അതുപോലെ കാറ്റും വെയിലും കയറുന്ന രീതിയിൽ വൃത്തിയായും സംരക്ഷിക്കണം.
പാവലിന്റെ വിളവെടുപ്പ് സമയമെപ്പോഴാണ്?
വിത്തുകൾ നട്ട് 60 മുതൽ 70 ദിവസങ്ങൾക്കുള്ളിൽ തന്നെ കായ്കൾ ഉണ്ടാകാൻ തുടങ്ങും. കായകൾ ഉണ്ടാകുമ്പോൾ തന്നെ പേപ്പർ കൊണ്ടോ അല്ലങ്കിൽ പ്ലാസ്റ്റിക് കവർ ഉപയോഗിച്ചോ കീടങ്ങളിൽ നിന്നും സംരക്ഷിക്കണം. ഇങ്ങനെയുണ്ടാകുന്ന കായകൾ ചെടിയിൽ നിന്ന് തന്നെ പഴുപ്പിക്കാതെ മൂപ്പെത്തുന്നതിന് മുൻപേ പറിക്കുന്നതാണ് നല്ലത്. തിരഞ്ഞെടുത്ത ആരോഗ്യമുള്ള വലിപ്പമുള്ള നല്ല കായ്കളെ അടുത്ത കൃഷിക്ക് വേണ്ടിയുള്ള വിത്തിനായി സംരക്ഷിക്കാവുന്നതാണ്.
Post a Comment