തണുപ്പുള്ള സ്ഥലങ്ങളിൽ വ്യവകാടിസ്ഥാനത്തിൽ സ്ഥിരമായി കൃഷി ചെയ്യുന്ന ഒരു പച്ചക്കറിയിനമാണ് ക്യാബേജ്. എന്നാൽ ഇന്ന് നമ്മുടെ വീടുകളിലും തണുപ്പുള്ള മഞ്ഞു കാലത്തോട് അനുബന്ധിച്ചു കൃഷി ചെയ്യാൻ സാധിക്കുന്നവയാണ് ക്യാബേജ്. ഇന്ന് കേരളത്തിൽ ഉടനീളം ശീതകാല പച്ചക്കറിയിനമായി പ്രധാനമായും വീടുകളിലും അല്ലാതെയും കൃഷി ചെയ്യുന്ന ഒരിനമായി മാറിയിരിക്കുകയാണ് ക്യാബേജ്. നമുക്ക് ഇപ്പോൾ പ്രധാനമായും രണ്ട് തരത്തിലുള്ള ക്യാബേജുകൾ കൃഷി ചെയ്യാൻ സാധിക്കും ഒന്ന് നമ്മൾ സാധാരണയായി കണ്ടുവരുന്ന പച്ച നിറത്തിലുള്ളവയും മറ്റൊന്ന് ചുവന്ന ക്യാബേജ് എന്ന് പറയുന്ന പർപ്പിൾ നിറത്തിലുള്ളവയും.
![]() |
Image Credit : Designed by Freepik |
ക്യാബേജുകളിൽ ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫോളേറ്റ്, സിങ്ക്, പൊട്ടാസ്യം, കാൽസ്യം എന്നിവയുൾപ്പെടെയുള്ള വിവിധതരം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നതിനാൽ തന്നെ നമ്മുടെ ആഹാരത്തിൽ ഇവ മിതമായ അളവിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യം തന്നെയാണ്. എന്നാൽ ഒരു ചെടിയിൽ നിന്നും ഒരു ക്യാബേജ് മാത്രമാണ് ലഭിക്കുക എന്നതിനാലും ഇലകൾ കുടിച്ചേർന്നതാണ് ഇവയുടെ രൂപം എന്നതിനാലും വ്യാവസായികമായി കൃഷി ചെയ്യുമ്പോൾ ഇവയിൽ നൽകുന്ന കീടനാശിനികളുടെ ഒരു പങ്ക് പാകം ചെയ്യാൻ നമ്മുടെ കൈകളിൽ എത്തുമ്പോൾ പോലും ഇവയിൽ അടങ്ങിയിരിക്കുന്നതിനാൽ നമുക്ക് ആവശ്യമുള്ള ക്യാബേജ് സ്വന്തമായി കൃഷി ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
എങ്ങനെ ക്യാബേജ് കൃഷി തുടങ്ങാം ?
ചെടികൾക്ക് നന്നായി പരിപാലനം നൽകിയാൽ നമുക്ക് ക്യാബേജ് കൃഷി ഒക്ടോബർ മുതൽ ഡിസംബർ വരെ നമ്മുടെ വീടുകളിൽ ചെയ്യാൻ സാധിക്കും. ക്യാബേജ് പ്രധാനമായും വിത്തുകൾ വഴിയാണ് കൃഷിക്കാവശ്യമായ തൈകൾ തയാറാക്കുന്നതാണ്. ക്യാബേജ് കൃഷി ചെയ്യുമ്പോൾ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് ആരോഗ്യമുള്ളതും ഗുണമേന്മയുള്ളതുമായ വിത്തുകൾ കൃഷിക്കായി വാങ്ങുക എന്നതാണ്. ശീതകാല കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷിക്കാവശ്യമായ നല്ല ഉല്പാദന ക്ഷമതയുള്ള തൈകൾ കേരളത്തിലെ എല്ലാ കൃഷി ഭവനുകളിൽ നിന്നും നമുക്ക് ലഭ്യമാണ്.
ക്യാബേജ് കൃഷിക്കാവശ്യമായ വിത്തുകൾ ഒക്ടോബർ ആദ്യത്തോട് കൂടെ പാകി കിളിർപ്പിക്കാൻ തുടങ്ങണം. ചരൽ നീക്കം ചെയ്‌ത മണ്ണ് ചാണകപ്പൊടി / കമ്പോസ്റ് എന്നിവ 2 : 1 എന്ന അനുപാതത്തിൽ മിക്സ് ചെയ്‌തു തയാറാക്കിയ മണ്ണ് തിരഞ്ഞെടുത്ത നല്ല സീഡിങ് ട്രൈകളിൽ നിറച്ച് അതിൽ ചെറിയ കുഴികൾ വിരലുകൾ ഉപയോഗിച്ചോ അതുമല്ലെങ്കിൽ ഈർക്കിലി ഉപയോഗിച്ചോ തയാറാക്കി അതിലേക്ക് കടുക് മണി പോലുള്ള ഓരോ വിത്തുകൾ വീതം നടാവുന്നതാണ്. ഇങ്ങനെ പാകുന്ന വിത്തുകൾ അൽപനേരം നടുന്നതിനു മുമ്പ് സ്യൂഡോമോണാസ് ലായനിയിൽ മുക്കി നടുന്നത് വിത്തുകൾ ആരോഗ്യത്തോടെ പെട്ടന്ന് കിളിർക്കുന്നതിനു സഹായിക്കും. എങ്ങനെ നടുന്ന തൈകൾ തണലിൽ സംരക്ഷിച്ച് ആവശ്യത്തിന് മാത്രം വെള്ളം നൽകാൻ ശ്രദ്ധിക്കണം. വെള്ളം അധികമായാലും വെയിൽ അധികമായാലും തൈകൾ നശിക്കുന്നതിന് കാരണമാകും.
തൈകൾ പറിച്ചു നടുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ?
മുകളിൽ പറഞ്ഞ രീതിയിൽ പാകിയ തൈകൾ വളർന്നു രണ്ടില പ്രായം കഴിയുമ്പോൾ മുതൽ നമുക്ക് തിരഞ്ഞെടുത്തിരിക്കുന്ന ഗ്രോബാഗ്, വലിയ ചട്ടികൾ അല്ലങ്കിൽ മണ്ണിൽ നടാവുന്നതാണ്. തൈകൾ പറിച്ചു നടുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം എന്ന് പറയുന്നത് തൈകളുടെ വേരുകൾ ഒരു കാരണവശാലും പൊട്ടാനോ ചുവട്ടിലെ മണ്ണ് ഇളകാനോ പാടില്ല. തൈകൾ തമ്മിൽ 45 മുതൽ 50 സെ.മീ. അകലത്തിൽ വേണം നടാൻ. ചെടികൾ തമ്മിൽ ഒത്തിരി അടുത്തിരുന്നാൽ വായു സഞ്ചാരം കുറയുകയും അതുവഴി ആ ഇലകൾ അഴുകിപോകുന്നതിനും കാരണമാകും. തൈകൾ പറിച്ചു നടുമ്പോൾ തന്നെ ചെടികൾക്ക് പുതിയ മണ്ണിൽ വളരുന്നതിനാവശ്യമായ വെള്ളം നൽകണം. വെള്ളത്തിൽ അൽപം സ്യൂഡോമോണാസ് നൽകുന്നത് ചെടികൾക്ക് ആരോഗ്യം നൽകുന്നതിനു സഹായിക്കും.
തൈകൾ നടുന്ന രീതി എങ്ങനെയാണ് ?
പാകി കിളിർപ്പിച്ച തൈകൾ ഗ്രോബാഗ്, വലിയ ചട്ടികൾ അല്ലങ്കിൽ മണ്ണിൽ നടാവുന്നതാണ്. ചെടികൾ ചട്ടിയിലോ ഗ്രോ ബാഗുകളിലോ നടുമ്പോൾ ആദ്യ ലയറായി ഉണങ്ങിയ കരിയിലകൾ നൽകിയ ശേഷം അതിലേക്ക് മണ്ണ് അടിവളമായി നൽകാൻ സാധിക്കുന്ന ജൈവ വളങ്ങളായ ചാണകപൊടി, കംബോസ്ട് , അട്ടിൽവളം എന്നിവ 2 : 1 അനുപാതത്തിൽ കൂട്ടി കലർത്തിയ മണ്ണിൽ തൈകൾ നടാവുന്നതാണ്. തൈകൾ നടുമ്പോൾ അൽപം വേപ്പിൻ പിണ്ണാക്കും നൽകുന്നത് നല്ലതാണ്. ചെടികൾ മണ്ണിലാണ് നടുന്നതെങ്കിൽ 45 മുതൽ 50 സെ.മീ. അകലത്തിൽ ചെറിയ കുഴികളെടുത്ത് അതിലേക്ക് അടിവളം അൽപമിട്ട് അതിനു മുകളിൽ തൈകൾ നടാവുന്നതാണ്.
ക്യാബേജ് കൃഷിയിൽ വളങ്ങൾ നൽകേണ്ടത് എപ്പോഴോക്കെയാണ് ?
തൈകൾ നട്ടതിനു ശേഷം ആദ്യ വളം 12 മത്തെ ദിവസം നൽകാവുന്നതാണ്. തൈകൾക്ക് ജൈവ വളങ്ങളോ രാസ വളങ്ങളോ ഉപയോഗിയ്ക്കാം. വ്യാവകാടിസ്ഥാനത്തിൽ ക്യാബേജ് കൃഷി ചെയ്യുമ്പോൾ രാസവളങ്ങൾ ഉപയോഗിക്കുന്നതാണ് കൂടുതൽ വിളവിനും ക്യാബേജിന് വലുപ്പം വെയ്ക്കുന്നതിനും നല്ലത്. രാസവളമായി NPK വളങ്ങൾ, ഫോസ്ഫറസ്, യൂറിയ, പൊട്ടാസ്യം എന്നിവയിൽ ഏതെങ്കിലും കുറഞ്ഞ അളവിൽ നൽകാവുന്നതാണ്. എന്നാൽ വീടുകളിൽ കുറഞ്ഞ അളവിൽ വളർത്തുമ്പോളും ജൈവ കൃഷിയായി തൈകൾ വളർത്തുമ്പോൾ കടലപ്പിണ്ണാക്ക്, എല്ലുപൊടി, വിവിധ തരം സ്ലറികൾ എന്നിവ ഉപയോഗിക്കാവുന്നതാണ് കൂടാതെ അൽപം വേപ്പിൻ പിണ്ണാക്ക് നൽകുന്നത് ചെടിയുടെ ആരോഗ്യത്തിനും നല്ല വളർച്ചയ്ക്കും സഹായിക്കും.
ക്യാബേജ് കൃഷി ചെയ്യുമ്പോൾ വളങ്ങൾ ഒരു കാരണവശാലും ചെടിയുടെ ചുവടിനോട് ഏറ്റവും അടുതിനാൽ ഇടയാകരുത്. വളങ്ങൾ നൽകുമ്പോൾ ചെടി ചുവട്ടിലെ മുകൾ മണ്ണ് അൽപം പൊട്ടിച്ചതിന് ശേഷം വളങ്ങൾ നൽകുന്നതാണ് ഏറ്റവും നല്ലത്. മണ്ണിലെ ജലാംശം നിലനിർത്തുന്ന രീതിയിൽ വേണം ചെടികൾക്ക് വെള്ളം നൽകാൻ ഒരു കാരണവശാലും വെള്ളം അധികമാകാനും അതുപോലെ ചെടി ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാനും ഇടയാകരുത് അങ്ങനെ വന്നാൽ ചെടികളുടെ വേരുകൾക്ക് ക്ഷതം സംഭവിച്ച് ചെടി നശിക്കുന്നതിന് കാരണമാകും. അതുപോലെ ചെടിച്ചുവട്ടിലെ ജലാംശം നിലനിർത്താൻ കരിയിലയോ പുല്ലോ ഉപയോഗിച്ച് പുതയിടുന്നതും നല്ലതാണ്. പുതയിടുമ്പോൾ തണ്ടിനോട് ചേർത്ത് പുതയിടത്തെ അൽപം നീക്കി പുതിയിടാൻ ശ്രദ്ധിക്കണം. ആദ്യ വളത്തിനു ശേഷം പിന്നീടുള്ള എല്ലാ 12 മുതൽ 15 ദിവസത്തിന് ഇടയിലും അടുത്ത വളങ്ങൾ നൽകാൻ ശ്രദ്ധിക്കണം.
ക്യാബേജിൽ കണ്ടുവരുന്ന രോഗ കീടങ്ങൾ എന്തൊക്കെയാണ് ?
ക്യാബേജ് കൃഷിയിൽ പൊതുവേ കണ്ടുവരുന്ന രോഗ കീടങ്ങൾ എന്ന് പറയുന്നത് പൂപ്പൽ രോഗം, ചെടിയിലും കായിലുമുണ്ടാകുന്ന പുഴുക്കളുടെ ആക്രമണം, ഒച്ചിന്റെ ആക്രമണം കൂടാതെ ചീയൽ രോഗം എന്നിവയാണ്. ചീയൽ രോഗം മണ്ണിൽ നിന്നും ചെടികൾക്ക് വരുന്ന ഒരു രോഗമാണ്. രോഗം ബാധിച്ച ചെടികൾ എത്രയും പെട്ടന്ന് നശിപ്പിക്കുകയും രോഗം വരാതിരിക്കുന്നതിനായി രണ്ട് ആഴ്ചയിൽ ഒരിക്കൽ വീതം എങ്കിലും ചെടി ചുവട്ടിൽ വേപ്പിൻ പിണ്ണാക്കോ അല്ലെങ്കിൽ സ്യൂഡോമോണാസ് ലായനിയോ നൽകാവുന്നതാണ്. ചെടിയിൽ ഉണ്ടാകുന്ന പൂപ്പൽ, പുഴുക്കളുടെയും ഒച്ചിൻെയും ആക്രമണം എന്നിവ തടയുന്നതിന് വേപ്പെണ്ണ കൊണ്ട് ഉണ്ടാകുന്ന ജൈവ കീടനാശിനികൾ ഉപയോഗിക്കാവുന്നതാണ്. ഒച്ചിനെ നശിപ്പിക്കാൻ അഴുകിയ പച്ചക്കറി അവശിഷ്ടങ്ങൾ കൃഷി സ്ഥലത്ത് ഒരിടത്ത് കൂട്ടിയിട്ട് ആകർഷിച്ചു നശിപ്പിക്കാവുന്നതാണ്.
ഒച്ചിന്റെ ശല്യം വളരെ കൂടുതൽ ആയാൽ മാത്രമേ ഈ രീതി ഉപയോഗിക്കാൻ പാടുള്ളു ഇല്ലങ്കിൽ മറ്റു സ്ഥലത്തുനിന്നും ഒച്ചുകൾ നമ്മുടെ സ്ഥലത്തേക്ക് ആകർഷിക്കുന്നതിന് ഇത് കാരണമാകും.
നല്ല രീതിയിൽ ക്യാബേജ് തൈകൾ പരിപാലിച്ചാൽ നട്ട് 58 മുതൽ 65 ദിവസത്തിനുള്ളിൽ തന്നെ നമുക്ക് ക്യാബേജിൽ കൂമ്പ് ആകുന്നത് കാണാൻ സാധിക്കും. ഈ സമയം തൊട്ട് ചെടികൾക്ക് വെള്ളം നൽകുന്നത് ഇലകളിലും കൂമ്പിലും വീഴാതെ ശ്രദ്ധിക്കണം. കൂമ്പിൽ അധികം വെള്ളം വീഴുന്നതും കെട്ടി നിൽക്കുന്നതും ചെടി അഴുകുന്നതിന് കാരണമാകും. ഇങ്ങനെയുണ്ടാകുന്ന കുമ്പുകൾ അടുത്ത 15 ദിവസം കഴുമ്പോൾ മുതൽ നമുക്ക് വിളവെടുക്കാൻ കഴിയുന്നതാണ്. ക്യാബേജ് അധികം വിളയാൻ നിർത്തിയാൽ മുത്ത് കൂമ്പു വിടർന്ന് ക്യാബേജ് നഷ്ടപ്പെടും.
Post a Comment