വളർത്തു മത്സ്യങ്ങളിൽ ഏറ്റവും നല്ലരീതിയിൽ ഇണക്കി അരുമയായി വളർത്താവുന്നതും അതുപോലെ തന്നെ വലുപ്പം വെയ്ക്കുന്നതും ആർക്കും ഒരു ഉപദ്രവവും ഉണ്ടാക്കാത്തതുമായ ഒരു മത്സ്യമാണ് ജയന്റ് ഗൗരാമികൾ. ജയന്റ് ഗൗരാമി മീനുകളുടെ ഏറ്റവും വലിയ പ്രതേകത എന്ന് പറയുന്നത് ഇവയൊരു സസ്യഭുക്കായതിനാൽ മറ്റു മീനുകളെപോലെ പുറത്തു നിന്നും പായ്ക്കറ്റ് ഫുഡ് വാങ്ങി നൽകാതെ നമ്മുടെ വീട്ടിലുള്ള ചീരയില, പുല്ല്, മൾബറിയില, ചേമ്പില തുടങ്ങിയ നൽകി സീറോ ചിലവിൽ വളർത്താൻ സാധിക്കുന്ന ഒരു മീനുകളാണിവ.
ഗൗരാമി മീനുകളിലെ പേര് സൂചിപ്പിക്കുന്നത് പോലെ വലുപ്പമുള്ള ഇനമാണ് ജയന്റ് ഗൗരാമികൾ. ഇവയൊരു ശുദ്ധ ജല മീനുകളാണ്. തായ്‌ലാൻഡ്, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലാണ് ജയന്റ് ഗൗരാമികളുടെ ജനനം. മറ്റു മീനുകളെപോലെ വെള്ളത്തിൽ നിന്നും മാത്രമല്ലാതെ അന്തരീക്ഷവായു ശ്വസിക്കാനുള്ള പ്രതേക അവയവങ്ങൾ ഉള്ളതിനാൽ അൽപം വെള്ളം അഴുക്കായാലും പെട്ടന്നുള്ള എയറേഷനു പ്രശ്‌നം സംഭവിച്ചാലും യാതൊരു കുഴപ്പവുമില്ലാതെ മീനുകൾ അവയെ മറികടക്കും.
ഈ മീനുകളുടെ മാംസത്തിന് ഉറപ്പുള്ളതിനാൽ ഇവയെ ആഹാരവശ്യത്തിനും ഉപയോഗിച്ച് വരുന്നു. കഴിക്കുന്ന നാരുകൾ അടങ്ങിയ ഭക്ഷണത്തെ അന്നജമാക്കൻ കഴിവുള്ളവ ആയതിനാൽ ഇവയ്ക്കു വാങ്ങി നൽകുന്ന പെല്ലറ്റ് ഫുഡുകളെക്കാൾ നല്ലത് നാരുകളുള്ള ഇലകളാണ്.
നമ്മുടെ നാട്ടിൽ പൊതുവേ കാണുന്ന ഇനങ്ങൾ ഏതൊക്കെയാണ് ?
നമ്മുടെ നാട്ടിൽ പ്രധാനമായും നാല് തരം ജയന്റ് ഗൗരാമികളാണ് കാണപ്പെടുന്നത്.
- കറുത്ത ജയന്റ് ഗൗരാമി
- പിങ്ക് ജയന്റ് ഗൗരാമി
- ആൽബിനോ ജയന്റ് ഗാരാമി
- റെഡ് ടെയിൽ ജയന്റ് ഗൗരാമി
ഈ മുകളിൽ പറഞ്ഞിരിക്കുന്ന ഇനങ്ങളിൽ ഏറ്റവും കൂടുതൽ ലഭ്യമായതും വിലകുറവുള്ളതുമായ ഇനം എന്ന് പറയുന്നത് കറുത്ത ജയന്റ് ഗൗരാമികളാണ്. ഇവയാണ് കൂടുതലായും ആളുകൾ വളർത്താനും മാംസത്തിനു വേണ്ടിയും ഉപയോഗിക്കുന്നത്.
ജയന്റ് ഗൗരാമികളെ വളർത്തുമ്പോൾ നമ്മൾ എന്ത് ആവശ്യത്തിനാണ് ഈ മീനുകളെ വളർത്തുന്നത് എന്ന് ആശ്രയിച്ചു വേണം ഇവയെ വളർത്താനുള്ള സ്ഥലം കണ്ടെത്താൻ. ഇവയെ അക്വേറിയങ്ങളിലും കുളങ്ങളിലും ഒരുപോലെ വളർത്താൻ സാധിക്കുമെങ്കിലും നല്ല വളർച്ച ലഭിക്കുന്നതിനും അതുപോലെ വലിയ മീനുകളെയും നല്ല വലിയ കുളങ്ങളിലോ അല്ലങ്കിൽ ടാങ്കുകളിലോ വളർത്തുന്നതാണ് അഭികാമ്യം.
ഇവയെ അരുമ മീനുകളായി കാണാൻ വേണ്ടി വളർത്തുമ്പോൾ വലിയ അക്വേറിയങ്ങളിലും അതുപോലെ ആഹാരവശ്യത്തിനും ബ്രീഡ് ചെയ്യിക്കുന്നതിനുമായി വലിയ നാച്ചുറൽ കുളങ്ങളിലോ ടാങ്കുകളിലോ വളർത്തുന്നതാണ് ഏറ്റവും ഉചിതം. ഇവ പെട്ടന്ന് പേടിക്കുന്ന മീനുകളായതിനാൽ തെളിഞ്ഞ വെള്ളത്തിൽ വളർത്തുന്നതിനേക്കാൾ അൽഗ വളർന്ന വെള്ളത്തിലോ അല്ലങ്കിൽ ഇവയ്ക്ക് ഒളിച്ചിരിക്കാൻ പറ്റുന്ന രീതിയിൽ ഒളിയിടങ്ങൾ ഉള്ള ടാങ്കുകളിലോ വളർത്താവുന്നതാണ്.
സസ്യഭുക്കുകളായ ജയന്റ് ഗൗരാമികൾക്ക് ഏറെയിഷ്‌ടം നാരുകളടങ്ങിയ മുകളിൽ പറഞ്ഞിരിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങളോടാണ്. അതേസമയം വളർച്ച പെട്ടെന്നാകാൻ പ്രോട്ടീൻ കൂടുതലുള്ള തീറ്റകൾ നൽകിയാലും ഇവയുടെ വളർച്ച സാധാരണ രീതിയിൽ തന്നെയായിരിക്കും അതിനാലാണ് ജയന്റ് ഗൗരാമികളെ വളർത്തുമ്പോൾ പായ്ക്കറ്റ് തീറ്റകൾ ആവശ്യമില്ല എന്ന് പറയുന്നത്. കൂടാതെ സ്ഥിരമായി പ്രോട്ടീൻ കൂടുതലുള്ള തീറ്റകൾ നൽകിയാൽ കാലക്രമേണ ഇവയുടെ വയർ പന്ത് പോലെ വീർക്കുകയും മീൻ നഷ്ടപ്പെടാനും കാരണമാകും. ശരാശരി അഞ്ചു കിലോയോളം തൂക്കം വെയ്ക്കുന്ന ജയന്റ് ഗൗരാമികൾ ദീർഘകാലമെടുത്താണ് ഈ തൂക്കത്തിലേക്ക് എത്തുന്നത്. ആദ്യത്തെ രണ്ടു വർഷം പതിയെ വളരുകയും അതിനു ശേഷം പെട്ടന്ന് വളരുകയും ചെയ്യുന്നതാണ് ഇവയുടെ മറ്റൊരു പ്രതേകത.
ഇവയുടെ ആൺ പെൺ മീനുകളെ എങ്ങനെ തിരിച്ചറിയാം ?
ജയന്റ് ഗൗരാമിയുടെ ആൺ പെൺ മീനുകളെ ഇവ പ്രായപൂർത്തിയായാൽ മാത്രമാണ് തിരിച്ചറിയാൻ സാധിക്കുക. ഇവ നാല് വർഷം പ്രായമായാൽ മാത്രമാണ് പ്രായപൂർത്തിയാകുക അതിനാൽ തന്നെ ഇവയുടെ ആൺ പെൺ നിർണയത്തിനും ബ്രീഡിങ് സെറ്റ് തിരഞ്ഞെടുക്കാനും കുറഞ്ഞത് നമ്മൾ നാല് വര്ഷം കാത്തിരിക്കണം.
ആൺ മീനുകൾക്ക് തടിച്ചു മുന്നോട്ടുന്തിയ കീഴ്ത്താടിയും നെറ്റിയിൽ മുഴയുമുണ്ടാകും എന്നാൽ പെൺ മീനുകളുടെ മുഖം ചെറുതും കീഴ്ത്താടിയിലും നെറ്റിയിലും വ്യത്യാസങ്ങൾ ഒന്നും ഉണ്ടാകാതിരിക്കയും കൂടാതെ ആൺ മീനുകളെ അപേക്ഷിച്ച് പെൺ മീനുകൾക്ക് വലുപ്പത്തിൽ അൽപം ചെറുതുമാണ് ഇങ്ങനെയാണ് ആൺ പെൺ മീനുകളെ മനസിലാക്കുക.
ജയന്റ് ഗൗരാമിയുടെ ബ്രീഡിങിന് എന്തൊക്കെ ശ്രദ്ധിക്കണം ?
ജയന്റ് ഗൗരാമികൾ കുട് കൂട്ടി മുട്ടയിടുന്നവയായതിനാൽ വലിയ നാച്ചുറൽ കുളങ്ങളിലോ ടാങ്കുകളിലോ വേണം ഇവയെ പ്രജനനത്തിനായി ഇടാൻ. ഇവയ്ക്ക് കുട് കുട്ടുന്നതിനാവശ്യമായ സാഹചര്യവും അവയ്ക്ക് ആവശ്യമായ വസ്തുക്കളായ പുല്ല്, പ്ലാസ്റ്റിക്ക് കയർ അഴിച്ചിട്ടത് എന്നിവ നമ്മൾ നൽകാൻ പ്രതേകം ശ്രദ്ധിക്കണം. വലിയ കുളങ്ങളിൽ കുളങ്ങൾക്കു പുറത്തുനിന്നും വെള്ളത്തിലേക്ക് പുൽ ചെടികൾ വളർത്തി ഇവയ്ക്ക് മുട്ടയിടാനുള്ള കുടുണ്ടാക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. ഒരാൺ മീനുകൾക്ക് മൂന്നു പെൺ മീനുകൾ എന്ന കണക്കാണ് പൊതുവേ പറയുന്നതെങ്കിലും ഒരു ആൺ മീനിന് ഒരു പെൺ മീൻ ഇടുന്നതാണ് നല്ലത്. നല്ല ആരോഗ്യമുള്ള ശരീര വളർച്ചയുള്ളവയെ വേണം ബ്രീഡിങ്ങിനായി തിരഞ്ഞെടുക്കാൻ.
ബ്രീഡിങ് കുളങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വെയിൽ ലഭിക്കുന്ന സ്ഥലങ്ങളിൽ കുളം ഒരുക്കുന്നതാണ് നല്ലത്. ഇങ്ങനെയിടുന്ന മുട്ടകൾ ബീജ സങ്കലനം നടന്ന് അടുത്ത 24 മുതൽ 36 മണിക്കൂറിനുള്ളിൽ കുഞ്ഞുങ്ങൾ വിരിയുകയും അടുത്ത മുന്ന് ആഴ്ച്ചക്കാലത്തോളം ഈ കൂടുകളിൽ തന്നെ വളർന്നു വരുന്ന കുഞ്ഞുങ്ങൾ അതിനു ശേഷമാണ് വെള്ളത്തിന്റെ മറ്റു സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്നതും നമുക്ക് കാണാൻ സാധിക്കുന്നതും. ഈ സമയങ്ങളിൽ കുളത്തിലുണ്ടാകുന്ന ആൽഗകളാണ് ഇവയുടെ ഭക്ഷണം. ഇങ്ങനെ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾ ഏകദേശം 4 മുതൽ 5 മാസം കൊണ്ട് വിൽക്കാനുള്ള പ്രായത്തിലും വലിപ്പത്തിലുമെത്തും.
Post a Comment