ഏവർക്കും നമ്മുടെ പൂന്തോട്ടങ്ങളിൽ വളർത്താൻ ആഗ്രഹിക്കുന്ന ഒരു പൂച്ചെടിയാണ് ജമന്തി ചെടികൾ. ജമന്തി ചെടികളിലെ പൂക്കളുടെ നിറവിന്യാസമാണ് ഇത്തരത്തിൽ ഏവരേയും ഈ ചെടിയെ പ്രീയമാക്കുന്നത്. വെള്ള, മഞ്ഞ, ഓറഞ്ച്, പർപ്പിൾ, ചുവപ്പ്, പിങ്ക് തുടങ്ങിയ പ്രധാന നിറങ്ങളിൽ നമുക്ക് ജമന്തി ചെടികൾ വാങ്ങാൻ ലഭിക്കും.
ജമന്തി ചെടികൾ നന്നായി പരിപാലിച്ചാലും ഒന്നുകിൽ ചെടികളിൽ പൂക്കൾ ഉണ്ടാകാതിരിക്കയോ അല്ലെങ്കിൽ ചെടിയിലുണ്ടാകുന്ന പൂമൊട്ടുകൾ വിരിയാതെ കരിഞ്ഞു പോകുകയോ ചെയ്യുന്നത് ചെടി പ്രേമികളെ വളരെയധികം പ്രയാസപ്പെടുത്താറുണ്ട്.
ജമന്തി ചെടികളിലെ പൂമൊട്ടുകൾ കരിഞ്ഞുപോവുകയോ, വിടരുന്നതിനുമുമ്പ് കൊഴിഞ്ഞുപോവുകയോ ചെയ്യുന്നതിൻ്റെ പ്രധാന കാരണങ്ങളും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങളും താഴെ പറയുന്നവയാണ്.
ജമന്തി മൊട്ടുകൾ കരിയുന്നതിൻ്റെ പ്രധാന കാരണങ്ങൾ
ജമന്തി മൊട്ടുകൾ കരിയുന്നതിൻ്റെ (Bud Blight/Dropping) പ്രധാന കാരണങ്ങളായി പറയപ്പെടുന്നത് ചെടിയുടെ പരിചരണത്തിലെ കുറവുകളോ, അല്ലെങ്കിൽ ചെടികൾക്ക് ഉണ്ടാകുന്ന കീടങ്ങളുടെ ആക്രമണങ്ങളോ കൊണ്ടാണ്. മൊട്ടുകൾ കരിയുന്നതിന്റെ പ്രധാന കാരണങ്ങൾ ഇനി പറയുന്ന 5 കാര്യങ്ങളാണ്.
$ads={1}
1. ചെടികൾക്ക് ലഭിക്കുന്ന വെള്ളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
ജമന്തി ചെടികൾക്ക് അമിതമായി നനയ്ക്കുന്നത് പൂ കൊഴിച്ചിലിനുള്ള ഒരു പ്രധാന കാരണമാണ്. ചെടിച്ചുവട്ടിൽ അധികസമയം വെള്ളം കെട്ടി ഈർപ്പം നിലനിൽക്കുന്നത് ചെടിയുടെ വേരുകൾ അഴുകാനും അതുമൂലം മൊട്ടുകളിലേക്ക് ആവശ്യത്തിനുള്ള പോഷകങ്ങൾ എത്താതെ ചെടിയിലുണ്ടാകുന്ന പൂമൊട്ടുകൾ കരിയാനും ഇത് കാരണമാകും.ചെടികൾക്ക് നനവ് തീരെ കുറയുന്നത് വഴി ചെടികൾക്ക് അമിതമായ വരൾച്ചയുണ്ടാകുമ്പോൾ, ചെടി സ്വയം സംരക്ഷണത്തിന് വെണ്ടി നിലവിലുള്ള പൂക്കളെയും മൊട്ടുകളെയും സംരക്ഷിക്കാതെ കരിയിച്ചു കളയുന്നതും മറ്റൊരു കാരണമാകും.
ജമന്തി ചെടികൾക്ക് വെള്ളം കൂടിയാലും കുറഞ്ഞാലും പ്രശ്‌നമായതിനാൽ കൃത്യ ഇടവേളകളിൽ മണ്ണിലെ നനവ് നോക്കി വെള്ളം നൽകുന്ന രീതിയാണ് വളരെ നല്ലത്.
2. ചെടികൾക്ക് ലഭിക്കുന്ന സൂര്യപ്രകാശത്തിൻ്റെ കുറവ്
ജമന്തി ചെടികൾക്ക് ദിവസവും 4 മുതൽ 6 മണിക്കൂർ വരെ നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമാണ്. ചെടികൾക്ക് ലഭിക്കുന്ന വെളിച്ചം കുറയുകയോ അല്ലങ്കിൽ ചെടികളെ തണലിൽ വളർത്തുകയോ ചെയ്യുമ്പോൾ ചെടിയിൽ പൂക്കൾ ഉണ്ടാകാതെ തണ്ടുകൾ വെറുതേ നീളത്തിൽ വളരുകയോ അല്ലെങ്കിൽ ചെടിയിലുണ്ടാകുന്ന പൂക്കളും മൊട്ടുകളും ചെറുതാവുകയോ കരിഞ്ഞുപോവുകയോ ചെയ്യും.3. ചെടികളിൽ ഉണ്ടാകുന്ന കീടങ്ങളുടെ ആക്രമണം
ജമന്തി ചെടികളെ ആക്രമിക്കുന്ന മിലിബഗ്, ഇലപ്പേനുകൾ പോലുള്ള ചില കീടങ്ങൾ ചെടിയിലുണ്ടാകുന്ന മൊട്ടുകളുടെ നീരൂറ്റിക്കുടിക്കുന്നത് വഴി ചെടിയിലെ മൊട്ടുകൾ കരിയുന്നതിന് കാരണമാകും:ചെടിയിലുണ്ടാകുന്ന പൂമൊട്ടുകൾ കറുത്തും കരിഞ്ഞും പോകുന്നതിന് കാരണം മൊട്ടുകളുടെ ഇടയിൽ പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുന്ന മിലിബഗ് കീടങ്ങളാണ്.
പൂമൊട്ടുകൾ വിരിയുന്നതിന് മുൻപ് തന്നെ അവയുടെ രൂപ ഭംഗി നഷ്ടപ്പെടുത്തുകയും അവ കരിയുന്നതിന് കാരണമാകുകയും ചെയ്യുന്നത് ചെടികളിൽ ഉണ്ടാകുന്ന ഇലപ്പേനുകളാണ്.
4. ചെടികളിലെ പോഷകങ്ങളുടെ കുറവ്
ബോറോൺ, കാൽസ്യം എന്നി സൂക്ഷ്മ പോഷകങ്ങളുടെ കുറവ് ചെടിയുടെ മൊട്ടുകളുടെ ശരിയായ വളർച്ചയെ തടസ്സപ്പെടുത്തുകയും അതുവഴി പൂമൊട്ടുകൾ കരിഞ്ഞുപോകാൻ കാരണമാവുകയും ചെയ്യുന്നു.ചെടികൾക്ക് പൂവിടുന്ന സമയത്ത് അമിതമായ അളവിൽ നൈട്രജൻ കൂടിയ വളങ്ങൾ നൽകുന്നത് ചെടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനാൽ ചെടികളിൽ ഇലകൾ കൂടുതൽ ഉണ്ടാകുന്നതിനും അതുവഴി പൂക്കൾ കുറയുന്നതിനോ അല്ലെങ്കിൽ മൊട്ടുകൾ പൊഴിഞ്ഞു പോകുന്നതിനോ കാരണമാകും.
5. ചെടികളിലെ ഫംഗസ് രോഗങ്ങൾ
ചെടികൾക്ക് ലഭിക്കുന്ന അമിതമായ മഴ, ഈർപ്പം, ചെടികളെ അടുത്തടുത്ത് വളർത്തുമ്പോൾ ലഭിക്കുന്ന കുറഞ്ഞ വായുസഞ്ചാരം എന്നിവ കാരണം മൊട്ടുകളിൽ ഫംഗസ് ബാധയുണ്ടാകുകയും അതുവഴി ജമന്തി ചെടിയിലെ പൂമൊട്ടുകൾ അഴുകൽ വന്ന് നശിക്കുന്നതിനും കാരണമാകും.ജമന്തി ചെടിയിലെ പൂമൊട്ടുകൾ പൊഴിയുന്നതിന്റെ പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെയാണ് ?
ചെടികളിൽ നിന്നും ഇതുവരെ കരിഞ്ഞുപോകാൻ തുടങ്ങിയ പൂമൊട്ടുകളെ നമുക്ക് സംരക്ഷിക്കാൻ സാധിക്കയില്ല, എന്നാൽ ചെടിയിലുണ്ടാകുന്ന പുതിയ മൊട്ടുകൾനശിക്കാതിരിക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.
1. ചെടികളിലെ നനവ് ക്രമീകരിക്കുക
ചെടികൾക്ക് നൽകുന്ന നനവ് കൃത്യമായി പരിശോധിക്കുകയും, ചെടിച്ചുവട്ടിലെ മുകൾഭാഗത്തെ മണ്ണ് ഉണങ്ങിയ ശേഷം മാത്രം വീണ്ടും നനയ്ക്കുകയും ചെയ്യുന്ന രീതിയിൽ നനവ് ക്രമീകരിക്കുക. കൂടാതെ, ചെടിച്ചട്ടിയിൽ ഒരു കാരണവശാലും വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.2. ചെടികൾക്ക് സൂര്യപ്രകാശം ഉറപ്പാക്കുക
ജമന്തി ചെടികൾക്ക് കുറഞ്ഞത് ഒരു ദിവസം 4 മണിക്കൂറെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് മാറ്റി വെച്ച് സംരക്ഷിക്കുക.
3. ചെടികളിൽ ഉണ്ടാകുന്ന കീടങ്ങളെ നിയന്ത്രിക്കുക
ചെടികളിൽ കീടങ്ങളുടെ ആക്രമണം കണ്ടാൽ ഉടൻതന്നെ വേപ്പെണ്ണ മിശ്രിതം തളിക്കുക. മൊട്ടുകളിലും ചെടിയുടെ എല്ലാ ഭാഗങ്ങളിലും നന്നായി തളിച്ച് ചെടികളെ സംരക്ഷിക്കാവുന്നതാണ്. കൂടാതെ, കീടശല്യം ഉണ്ടാകാതിരിക്കാൻ, മൊട്ടുകൾ വന്നു തുടങ്ങുന്ന സമയത്ത് തന്നെ രണ്ടാഴ്ചയിൽ ഒരിക്കൽ വീതം വേപ്പെണ്ണ മിശ്രിതം തളിച്ച് ചെടികളെ മുൻകൂട്ടി സംരക്ഷിക്കുകയും ചെയ്യാം.ചെടികളെ ആക്രമിക്കുന്ന മിലിബഗ് പോലെയുള്ള ചെറിയ കീടങ്ങളെ ശക്തിയായി വെള്ളം ചെടിയിലേക്ക് ചീറ്റിച്ച് നശിപ്പിക്കുകയോ അല്ലെങ്കിൽ കോട്ടൺ തുണിയോ പഞ്ഞിയോ ഉപയോഗിച്ചു നശിപ്പിക്കുകയോ ചെയ്യാം.
ചെടികളിൽ ആക്രമണം വളരെ രൂക്ഷമാണെങ്കിൽ ഇമിഡാക്ലോപ്രിഡ് പോലുള്ള ഏതെങ്കിലും മൈൽഡ് ആയ കീടനാശിനി ഉപയോഗിക്കാവുന്നതാണ്.
4. ചെടികളുടെ ശരിയായ വളപ്രയോഗം
ചെടികൾ മൊട്ടിട്ടു തുടങ്ങുന്ന സമയത്ത് മുതൽ ഫോസ്ഫറസും, പൊട്ടാസ്യവും കൂടുതലുള്ള ജൈവ വളങ്ങളോ രാസ വളങ്ങളോ നമുക്ക് നൽകാവുന്നതാണ്. ചെടികൾക്ക് രാസവളമായി NPK യിൽ N കുറവും Pയും, kയും കൂടുതലുമുള്ള വളങ്ങൾ ഉപയോഗിക്കാം. ജൈവ വളമായി ഏറ്റവും എളുപ്പത്തിൽ നൽകാവുന്ന വളമായി കപ്പലണ്ടി പിണ്ണാക്ക് നൽകാവുന്നതാണ്. ചെടിക്ക് ആവശ്യത്തിനുള്ള വളങ്ങൾ നൽകുന്നത് വഴി ചെടിയിലെ പൂക്കളുടെയും മൊട്ടുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും.ജമന്തി ചെടികൾക്ക് ഞങ്ങൾ നൽകുന്ന വളത്തെക്കുറിച്ചു അറിയാൻ ഈ വിഡിയോ കാണുക.
ചെടികൾക്ക് പൊട്ടാസ്യം ലഭിക്കുന്നതിനായ് വീട്ടിൽ തന്നെ തയാറാക്കാൻ സാധിക്കുന്ന ജൈവ വളങ്ങളായ വാഴപ്പഴത്തൊലി ഉണക്കിപ്പൊടിച്ചത് അല്ലെങ്കിൽ സവാളത്തൊലി വെള്ളത്തിൽ ഇട്ടുവെച്ച ലായനി നേർപ്പിച്ച് ചെടികൾക്ക് നൽകാവുന്നതാണ്.
ചെടിയിലെ പൂമൊട്ടുകൾ കരിയുന്നുണ്ടെങ്കിൽ, കാൽസ്യം, ബോറോൺ എന്നിവ അടങ്ങിയ ഏതെങ്കിലുമൊരു മൈക്രോ ന്യൂട്രിയൻ്റ് മിക്സ് ഒരു തവണ നൽകുന്നത് ചെടികൾക്ക് വളരെയേറെ ഗുണം ചെയ്യും.
5. ചെടിയിലെ കരിഞ്ഞ ഭാഗങ്ങൾ നീക്കം ചെയ്യുക
ചെടിയിൽ കരിഞ്ഞുപോയ പൂമൊട്ടുകളും അഴുക്കായ ഇലകളും ചെടിയിൽ നിന്ന് നീക്കം ചെയ്യുക വഴി ചെടിയിലുണ്ടാകുന്ന രോഗങ്ങൾ ചെടിയുടെ മറ്റ് ഭാഗങ്ങളിലേക്ക് പകരുന്നത് തടയാനും ചെടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.6. ചെടികളുടെ കൃത്യ സമയത്തെ പ്രൂണിങ്
ജമന്തിച്ചെടികളെ നല്ല ഭംഗിയുള്ള കുറ്റിച്ചെടികളായി വളർത്താനും, ചെടികളിൽ കൂടുതൽ ശാഖകൾ ഉണ്ടാകാനും, അതുവഴി ധാരാളം പൂമൊട്ടുകൾ ചെടിയിൽ ലഭിക്കാനും വേണ്ടിയാണ് പ്രൂണിങ് ചെയ്യുന്നത്. പ്രൂണിങ് ചെയ്യാത്ത ചെടികൾ വളരെ നീളത്തിൽ ഒരൊറ്റ തണ്ടായി വളരുകയും ചെടികളിൽ വല്ലപ്പോഴും മാത്രം വളരെകുറച്ച് പൂക്കൾ മാത്രം ഉണ്ടാകുകയും ചെയ്യും.ജമന്തി ചെടികളെ നമ്മൾ വളർത്തുമ്പോൾ പ്രധാനമായും രണ്ട് ഘട്ടങ്ങളിലായാണ് ചെടികൾക്ക് പ്രൂണിങ് ആവശ്യമായി വരുന്നത്:
ആദ്യ ഘട്ട പ്രൂണിങ് - ജമന്തി ചെടിയുടെ തൈകൾ നട്ട്, ഏകദേശം 4 മുതൽ 5 ജോഡി ഇലകൾ ഉണ്ടാകുകയും ചെയ്യുമ്പോൾ, ചെടിയുടെ പ്രധാന തണ്ടിൻ്റെ ഏറ്റവും മുകളിലുള്ള ഭാഗം നുള്ളിക്കളയുന്ന രീതിയാണിത്. ചെടിയുടെ വളർച്ചാ സമയങ്ങളിൽ ഇടയ്ക്കിടെ നമുക്ക് കൂടുതൽ ശാഖകൾ ഉണ്ടാകുന്നതിന് ചെടിയെ പ്രൂൺ ചെയ്യാവുന്നതാണ്. പ്രൂൺ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് ഒക്ടോബർ മാസത്തിനു മുൻപ് തന്നെ ചെടിയുടെ പ്രൂണിങ് പൂർണ്ണമായും നിർത്തണം അല്ലെങ്കിൽ ചെടികളിൽ പൂക്കൾ ഉണ്ടാകുന്നത് താമസിക്കാനും കൂടുതൽ പൂക്കൾ ലഭിക്കാതിരിക്കാനും കാരണമാകും.
$ads={2}
പൂവിട്ട ശേഷമുള്ള പ്രൂണിങ് - ചെടിയിലെ പൂക്കളെല്ലാം വാടിക്കഴിഞ്ഞ ഉടൻ നമുക്ക് പൂക്കൾ വന്ന തണ്ടുകൾ അൽപം താത്ത് മുറിക്കാവുന്നതാണ്. ചെടിയുടെ പൂക്കാലമായ നവംബർ മുതൽ ജനുവരി വരെയുള്ള സമയത്തിന് ശേഷം വേണം ഈ പ്രൂണിങ് ചെയ്യാൻ.
മുകളിൽ പറഞ്ഞിരിക്കുന്ന ഈ കാര്യങ്ങളെല്ലാം കൃത്യമായി പാലിച്ചാൽ നമുക്ക് പുതിയതായി വരുന്ന പൂമൊട്ടുകൾ ഒന്നും തന്നെ കരിയാതെ ചെടികളെ സംരക്ഷിച്ച് ധാരാളം പൂക്കൾ ചെടിയിൽ വിരിയിക്കാൻ സാധിക്കുന്നതാണ്.

Post a Comment