അറിയാം ചീരയുടെ ആരോഗ്യഗുണങ്ങൾ

ഇലക്കറികൾ ആരോഗ്യത്തിന് വളരെ മികച്ചതാണ് എന്ന് നമുക്കേവർക്കും അറിയാവുന്ന ഒരു കാര്യമാണ്. ഇലക്കറികളെക്കുറിച്ചു പറയുമ്പോൾ തന്നെ നമ്മുടെ മുന്നിൽ ആദ്യം ഓടിയെത്തുന്ന ഇലക്കറി എന്ന് പറയുന്നത് ഏവർക്കും സുപരിചിതമായ ചീരയാണ്. ആർക്കും ഒരു ചെറിയ സ്ഥലത്തുപോലും വളരെ നന്നായി വളർത്താൻ സാധിക്കുന്ന അല്ലെങ്കിൽ ചെറിയ ഒരു പാത്രത്തിൽ പോലും വളർത്താൻ സാധിക്കുന്നവയാണ് ചീര. നമുക്ക് അടിസ്ഥാനപരമായി പണ്ട് കാലം മുതലേ പ്രചാരത്തിലുണ്ടായിരുന്നത്  ചുവന്ന ചീരയും പച്ചച്ചീരയുമാണ്, എന്നാൽ ഇന്ന് നമുക്ക് പതരം നിറങ്ങളിലുള്ള ചീരകൾ ലഭ്യമാണ്. ചീരയിലകൾ പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ്. 

അറിയാം ചീരയുടെ ആരോഗ്യഗുണങ്ങൾ

ചീരയിൽ എന്തെല്ലാം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്?


വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫോളേറ്റ് (വിറ്റാമിൻ ബി9) എന്നി വിറ്റാമിനുകളും ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നി ധാതുക്കളും ഉയർന്ന അളവിലുള്ള പ്രോട്ടീനുകളും  നാരുകളും കൂടാതെ ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, സിയാസാന്തിൻ തുടങ്ങിയ ആരോഗ്യകരമായ ആന്റിഓക്‌സിഡന്റുകളുടെയും കലവറയാണ് ചീര. 
  


ചീര എല്ലാവർക്കും കഴിക്കാൻ സാധിക്കുമോ?

 
ചീര മനുഷ്യ ശരീരത്തിന് വളരെയധികം ആരോഗ്യകരമാണെങ്കിലും, ചീരയിൽ അടങ്ങിയിരിക്കുന്ന ഓക്സലേറ്റുകളും, വിറ്റാമിൻ കെ-യും വൃക്കയിൽ കല്ലുള്ളവർ അല്ലെങ്കിൽ രക്തം കട്ടയാവാതിരിക്കാൻ മരുന്ന് കഴിക്കുന്നവർ നിങ്ങളുടെ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മിതമായ അളവിൽ ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

ചീരയുടെ ആരോഗ്യപരമായ ഗുണങ്ങൾ എന്തൊക്കെയാണ്?

 
ചീരയുടെ പ്രധാന ആരോഗ്യ ഗുണങ്ങൾ ഇനിപറയുന്നവയാണ്  

വിളർച്ചയെ തടയുന്നു 

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറവാണ് മനുഷ്യ ശരീരത്തിലെ വിളർച്ചയ്ക്ക് (അനീമിയ) കാരണമാകുന്നത്. ചീരയിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് നമ്മുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുന്നതിനാൽ  വിളർച്ച വരാതെ സംരക്ഷിക്കാൻ ചീരയുടെ ഉപയോഗം സഹായിക്കും. 


കണ്ണിന്റെ ആരോഗ്യസംരക്ഷണം 

ചീരയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, സിയാസാന്തിൻ തുടങ്ങിയ ഘടകങ്ങൾ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പറയുന്നു അതിനാൽ തന്നെ ചീരയുടെ ഉപയോഗം നമ്മുടെ കാഴ്ച ശക്തി വർദ്ധിപ്പിക്കാനും കണ്ണിനുണ്ടാകുന്ന തിമിരം പോലുള്ള രോഗങ്ങളെ ഒരുപരിധി വരെ  പ്രതിരോധിക്കാനും സഹായിക്കും.


അസ്ഥികളുടെ ബലം വർദ്ധിപ്പിക്കുന്നു 

എല്ലുകൾക്കും  പല്ലുകൾക്കും ബലം നൽകുന്ന കാത്സ്യവും, വിറ്റാമിൻ കെ-യും ചീരയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്, അതിനാൽ ചീരയുടെ ഉപയോഗം അസ്ഥികൾക്ക് ബലം നൽകുന്നതിനോടൊപ്പം അസ്ഥികൾ ദുർബലമാകുന്നതിനാൽ ഉണ്ടാകുന്ന ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങളിൽ നിന്നും നമ്മളെ സംരക്ഷിക്കുകയും ചെയ്യുന്നു. 

നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു 

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും അണുബാധകളിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്ന വിറ്റാമിൻ സി ചീരയിൽ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ചീരയുടെ ഉപയോഗം ആരോഗ്യമുള്ള ശരീരം നിലനിർത്താൻ നമ്മളെ സഹായിക്കുന്നു. 

ദഹനപ്രക്രിയ എളുപ്പമാക്കുന്നു 

ചീരയിലടങ്ങിയിരിക്കുന്ന ഉയർന്ന നാരുകൾ മനുഷ്യ ശരീരത്തിലെ ദഹനപ്രക്രിയകളെ എളുപ്പമാക്കുകയും ശരീരത്തിനുണ്ടാകുന്ന മലബന്ധം, അസിഡിറ്റി തുടങ്ങിയ ഉദര പ്രശ്നങ്ങൾ പരിഹരിച്ചു നല്ല ആരോഗ്യമുള്ളൊരു ദഹനപ്രക്രിയ നൽകാനും സഹായിക്കുന്നു. 

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു 

ചീരയിൽ അടങ്ങിയിരിക്കുന്ന ചില പോഷകങ്ങളും, നാരുകളും നമ്മുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുക വഴി നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ  സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

കലോറി കുറവും അതുപോലെ തന്നെ ഉയർന്ന അളവിൽ നാരുകളും അടങ്ങിയിരിക്കുന്ന ഒരു ആഹാരമാണ് ചീര അതിനാൽ തന്നെ ചീര നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ നമ്മുടെ വയർ നിറഞ്ഞതായി തോന്നുകയും അതുവഴി കൂടുതൽ അളവിൽ ആവശ്യത്തിലധികം ഭക്ഷണങ്ങൾ കഴിക്കാതെ നമ്മുടെ ശരീര ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. 

ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം സംരക്ഷിക്കുന്നു

ചീരയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ നമ്മുടെ ചർമ്മകോശങ്ങളെ സംരക്ഷിക്കുകയും അതുവഴി തിളക്കമുള്ള ചർമ്മം നൽകുകയും ചെയ്യുന്നു. കൂടാതെ ചീരയിൽ അടങ്ങിയിരിക്കുന്ന ലൈസിൻ മുടിയുടെ ആരോഗ്യമുള്ള വളർച്ചയ്ക്കും സഹായകരമാണ്.കൂടാതെ  നമ്മുടെ ചീരയില്‍ അടങ്ങിയിട്ടുള്ള അയണ്‍, കാത്സ്യം, മറ്റ് പ്രധാന ധാതുക്കള്‍ നമ്മുടെ മുടിയിലെ മെലാനിന്‍ മെച്ചപ്പെടുത്തുകയും അതുവഴി നമുക്കുണ്ടാകുന്ന അകാലനരയെ തടയാൻ സഹായിക്കുകയും ചെയ്യുന്നു.

Post a Comment

Previous Post Next Post