കുറഞ്ഞ പരിചരണം ആവശ്യമുള്ള ഹാങ്ങിങ് ചെടി പെഡിലാൻ്തസ് കേളി പിങ്ക്

 

കുറഞ്ഞ പരിചരണം ആവശ്യമുള്ള എന്നാൽ വളരെ മനോഹരമായ ഇലകളാൽ ആരെയും മനം മയക്കുന്ന ഒരു അടിപൊളി ഹാങ്ങിങ് ചെടി വളർത്താൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ എങ്കിൽ നിങ്ങൾക്ക് വളരെ മനോഹരമായി വളർത്താൻ സാധിക്കുന്ന ഒരു ചെടിയാണ് പെഡിലാൻ്തസ് കേളി പിങ്ക്. ഈ ചെടികൾക്ക് ഡെവിൾസ് ബാക്ക്ബോൺ എന്നൊരു പേരും നിലവിലുണ്ട്.

കുറഞ്ഞ പരിചരണം ആവശ്യമുള്ള ഹാങ്ങിങ് ചെടി പെഡിലാൻ്തസ് കേളി പിങ്ക്

പുതിയ തൈകൾ ഉണ്ടാക്കുന്ന രീതി എങ്ങനെയാണ്?

തണ്ടുകൾ മുറിച്ചുനട്ടാണ്‌ ഇവയുടെ പുതിയ തൈകൾ തയാറാക്കുന്നത്. പെഡിലാൻ്തസ് കേളി പിങ്ക് ചെടികളിൽ പാൽ പോലുള്ള വെളുത്ത കറയുള്ളതിനാൽ ആരോഗ്യമുള്ള ചെടിയിൽ നിന്നും മുറിച്ചെടുത്ത തണ്ടുകൾ നേരിട്ട് മുറിച്ചയുടനെ നടാതെ തണ്ടുകളിലെ കറ അൽപം ഉണങ്ങിയതിനു ശേഷം തണ്ടുകൾ മുകളിൽ പറഞ്ഞ രീതിയിൽ തയാറാക്കിയ മണ്ണിൽ നടാവുന്നതാണ്. അൽപം നനവ് മണ്ണിൽ നിർത്തി വെയിൽ കൊള്ളാതെ സംരക്ഷിക്കുന്ന ഇത്തരം തണ്ടുകൾ അടുത്ത രണ്ട് ആഴ്ചക്കുള്ളിൽ തന്നെ തണ്ടുകളിലെ മണ്ണിൽ മുട്ടിനിൽക്കുന്ന നോഡിൽ നിന്നും വേര് വന്ന് പുതിയ ഇലകൾ വരുന്നതായി കാണാൻ സാധിക്കും.  


 

പെഡിലാൻ്തസ് കേളി പിങ്ക് വളർത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

നേരിട്ട് വെയിൽ ലഭിക്കാത്തതും എന്നാൽ രാവിലത്തെ കുറഞ്ഞത് 3 മണിക്കൂർ എങ്കിലും വെയിൽ ലഭിക്കുന്നതുമായ സ്ഥലങ്ങളിൽ വളരെ മനോഹരമായി വളരുന്നവയാണ് ഈ ചെടികൾ. ചെടികൾക്ക് ലഭിക്കുന്ന വെയിലിന്റെ അളവ് കുറഞ്ഞാൽ ഇലകളിൽ ഉണ്ടാകുന്ന പിങ്ക് നിറത്തിനു ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും അതിനാൽ ചെടികളിൽ നല്ല രീതിയിലുള്ള നിറവിന്യാസം കാണണമെങ്കിൽ മുകളിൽ പറഞ്ഞിരിക്കുന്ന രീതിയിൽ 3 മണിക്കൂർ എങ്കിലും വെയിൽ ലഭിക്കണം. ചെടികൾക്ക് വെയിൽ വേണം എന്നിരുന്നാലും ഉച്ച സമയത്തെ അതികഠിനമായ വെയിൽ ചെടികളുടെ ഇലകൾ കരിയുന്നതിന് കാരണമാകും. 

കൂടുതൽ അറിയാൻ ഈ വിഡിയോ കാണുക.



വെള്ളം കൊടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?

പെഡിലാൻ്തസ് കേളി പിങ്ക് ചെടികൾക്ക് അധികം വെള്ളം ആവശ്യമില്ലെങ്കിലും ചെടികൾ നടാനായി തയ്യാറാക്കിയ മണ്ണിന്റെ ഘടന അനുസരിച്ച് ചെടിച്ചുവട്ടിലെ വെള്ളം വലിയുമ്പോൾ വെള്ളം നൽകുന്ന രീതിയാണ് ഉത്തമം. ചെടിച്ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാതെ പ്രതേകം ശ്രദ്ധിക്കണം. ചെടിച്ചുവട്ടിൽ വെള്ളം അധികസമയം കെട്ടിനിന്നാൽ ചെടിയുടെ വേരുകളും തണ്ടുകളും അഴുകുന്നതിന് കാരണമാകും. മഴനനയാതെ വളർത്തുന്ന ചെടികൾക്ക് ചകിരിച്ചോർ ഉപയോഗിക്കാമെങ്കിലും അല്ലാത്ത ചെടികൾ നടുമ്പോൾ ചകിരിച്ചോർ ഒഴിവാക്കുന്നതാണ് നല്ലത്. ചകിരിച്ചോർ മഴക്കാലത്ത് കൂടുതൽ വെള്ളം സംഭരിക്കുകയും അതുവഴി ചെടിച്ചുവട്ടിലെ നനവ് അധികമാകുകയും ചെയ്യുന്നതിന് കാരണമാകും.

ചെടിയുടെ വളർച്ചയ്ക്ക് എന്തൊക്കെ വളങ്ങളാണ് നൽകേണ്ടത്?

പെഡിലാൻ്തസ് കേളി പിങ്ക് ഒരു ഇലച്ചെടി ആയതിനാൽ തന്നെ നമുക്ക് ജൈവ വളങ്ങളോ രാസ വളങ്ങളോ നൽകാവുന്നതാണ്. ചെടികൾക്ക് രാസവളമായി നൈട്രജൻ കൂടുതലുള്ള NPK വളങ്ങൾ നൽകിയാൽ മതിയാകും എന്നാൽ ജൈവ വളങ്ങൾ നൽകുമ്പോൾ ദ്രാവക രൂപത്തിലുള്ള വിവിധ തരം സ്ലറികൾ നന്നായി നേർപ്പിച്ച് ചെടികൾക്ക് നൽകാൻ സാധിക്കും. തണുപ്പ് കാലത്ത് ചെടികൾക്ക് വളർച്ച കുറവായതിനാൽ ആ സമയത്ത് വളങ്ങൾ നൽകുന്നത് ഒഴിവാക്കാവുന്നതാണ് എന്നാൽ ചെടിയുടെ മികച്ച വളർച്ചയ്ക്ക് കുറഞ്ഞത് രണ്ട് മാസത്തിൽ ഒരിക്കലെങ്കിലും ഒരു വളം നൽകാൻ ശ്രദ്ധിക്കുക.

ചെടികൾ നടുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

പെഡിലാൻ്തസ് കേളി പിങ്ക് ചെടികൾക്ക് നന്നായി വളരാൻ വെള്ളം കെട്ടിനിൽക്കാത്തതും എന്നാൽ വളക്കൂറുള്ളതും ഇളക്കമുള്ളതുമായ മണ്ണാണ് ആവശ്യം. ചെടികൾ നടുന്നതിനായി മണ്ണ് അടിവളമായി നൽകാൻ സാധിക്കുന്ന ജൈവ വളങ്ങളായ ചാണകപ്പൊടി, ആട്ടിൻവളം, കംബോസ്ട് എന്നിവ 2 : 1 എന്ന അനുപാതത്തിൽ കൂട്ടിയിളക്കിയ മണ്ണിൽ ചെടികൾ നടാവുന്നതാണ്. സാമ്പത്തികവും അതുപോലെ താൽപര്യവും ഉണ്ടങ്കിൽ ചെടികൾ നടനായി സക്കുലൻ്റ്സ് ചെടികളുടെ പോട്ടിംഗ് മിക്സ് വാങ്ങി ഉപയോഗിക്കാവുന്നതാണ്.  

 



പെഡിലാൻ്തസ് കേളി പിങ്ക് ചെടികൾക്ക് വിഷമുണ്ടോ?

പെഡിലാൻ്തസ് കേളി പിങ്ക് ചെടികൾ യൂഫോർബിയേസി എന്ന കുടുംബത്തിൽ പെടുന്നതിനാൽ തന്നെ ഇവയിൽ ചെറിയ രീതിയിലുള്ള വിഷാംശം അടങ്ങിയിട്ടുണ്ട്. ഈ ചെടികളിൽ തണ്ടിലും ഇലയിലും കറയുള്ളതിനാൽ ചെടിയെ വളർത്തുമ്പോൾ അൽപം സൂക്ഷിക്കണം. ചെടികളിലെ പാലുപോലെ വെളുത്ത ഈ കറ കണ്ണിലും വായിലും അതുപോലെ ശരീരത്തും പുരളാത്ത ശ്രദ്ധിക്കണം. ഇവയുടെ കറ നമ്മുടെ ചർമ്മത്തിൽ മുട്ടിയാൽ ചിലരിൽ ചൊറിച്ചിൽ, ചുവന്ന് തടിക്കുക, വീക്കം എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ ഇവയുടെ കറ കണ്ണിൽ പുരണ്ടാൽ ചൊറിച്ചിലിനും കഴിച്ചു കഴിഞ്ഞാൽ വയറുവേദന, ഛർദ്ദി പോലുള്ള ദഹനപ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ തന്നെ ഈ ചെടികൾ വളർത്തുമ്പോൾ കുട്ടികളുടെ കൈയ്യെത്താത്ത സ്ഥലത്ത് ഇവയെ വളർത്താനും അതുപോലെ ഇവയുടെ തണ്ടുകൾ മുറിക്കുമ്പോൾ കറ നമ്മുടെ ദേഹത്ത് പറ്റാതെ ശ്രദ്ധിക്കുകയും വേണം.  

മുകളിൽ പറഞ്ഞിരിക്കുന്ന ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും വളരെ നന്നായി നമ്മുടെ വീടുകളിൽ പെഡിലാൻ്തസ് കേളി പിങ്ക് ചെടികളെ വളരെ മനോഹരമായി വളർത്താൻ സാധിക്കുന്നവയാണ്.

Post a Comment

Previous Post Next Post